കര്‍ഷക പുത്രൻ, ഡോക്ടറാകാൻ സാധിക്കാതെ ഐപിഎസില്‍; കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തില്‍ പോലീസ് മേധാവി; ആരാണ് രവാഡ ചന്ദ്രശേഖര്‍?
തിരുവനന്തപുരം:
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖർ നിയമിതനായി.
1991 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖർ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്ന ആളാണ് അദ്ദേഹം. നിലവിലെ പോലീസ് മേധാവി ദർവേഷ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് രവാഡയുടെ നിയമനം.
ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലയാണ് രവാഡ ചന്ദ്രശേഖറിൻ്റെ സ്വദേശം. രവാഡയെന്ന കർഷക തറവാട്ടിലാണ് ജനനം. തൻ്റെ മകൻ സിവില്‍ സർവീസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ രവാഡ വെങ്കിട്ടറാവുവിൻ്റെ ആഗ്രഹം. പഠിച്ചു വളർന്ന ചന്ദ്രശേഖറിൻ്റെ ആഗ്രഹമാകട്ടെ ഡോക്ടറാകാനുമായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാല്‍ അഗ്രിക്കല്‍ച്ചറല്‍ പഠത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചു. പിജി കഴിഞ്ഞപ്പോള്‍ സിവില്‍ സർവീസിലേക്ക് തിരിഞ്ഞു. പിന്നീട് അച്ഛൻ്റെ ആഗ്രഹം പോലെ 1991 ബാച്ചില്‍ ഐപിഎസുകാരനായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു.
തലശേരി എഎസ്പിയായിട്ടാണ് തുടക്കം കുറിച്ചത്. പക്ഷേ തുടക്കം അദ്ദേഹത്തിന് അത്ര നല്ലതായിരുന്നില്ല. കൂത്തുപറമ്ബു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷൻ ഏറ്റുവാങ്ങേണ്ടിവന്നു. നെക്സല്‍ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ പ്രധാന മേഖലകളില്‍ തൻ്റെ കൈമുദ്ര പതിപ്പിച്ച വ്യക്തിയാണ് രവാഡ. ഐബിയുടെ സ്പെഷ്യല്‍ ഡയറക്ടറായും സേവനമനുഷ്ടിച്ചു.
എന്നാല്‍ രവാഡയുടെ നിയമനത്തിനെതിരെ സിപിഎമ്മില്‍ നിന്ന് കടുത്ത രാഷ്ട്രീയ എതിർപ്പുയരുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ രവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. സംസ്ഥാനത്തിൻറെ ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തിൻറെ പോലീസ് മേധാവിയാകുന്ന ആളെന്ന പ്രത്യകതയും രവാഡയുടെ നിമനത്തിലുണ്ട്. അദ്ദേഹത്തിൻ്റെ നിയമനത്തില്‍ തടസമായി കണ്ടിരുന്നത് കൂത്തുപറമ്ബ് വെടിവെപ്പ് കേസാണ്.
കൂത്തുപറമ്ബ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം രവാഡയുടെ പിന്നിലുണ്ട്. വെടിവെപ്പ് കേസില്‍ ഉള്‍പ്പെട്ടുവെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. കേരള കേഡറില്‍ എഎസ്പിയായി തലശ്ശേരിയില്‍ സർവീസ് ആരംഭിച്ച ശേഷം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍, റെയില്‍വേ, വിജിലൻസ് എറണാകുളം റെയ്ഞ്ച്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ എസ് പിയായും രവാഡ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പോലീസ് ആസ്ഥാനത്ത് എഐജി 1 ആയും കെഎപി രണ്ടാം ബറ്റാലിയൻ, കെഎപി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളില്‍ കമാണ്ടന്റ് ആയും രവാഡ തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി ബോസ്നിയയിലും പ്രവർത്തിച്ചിട്ടുണ്ട്. എസ് പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും രവാഡ തൻ്റെ ഔദ്യോഗിക ജീവിതത്തില്‍ ജോലി നോക്കിയിട്ടുണ്ട്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യർഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.