Kerala NewsPolitics

‘പ്രസംഗത്തിലും പ്രവൃത്തിയിലും മിടുമിടുക്കനാണ് സതീശൻ’; കോണ്‍ഗ്രസിന്‍റെ മുതല്‍ക്കൂട്ട് : രമേശ് ചെന്നിത്തല

Keralanewz.com

ആലപ്പുഴ: പ്രസംഗത്തിന്‍റെ കാര്യത്തിലും പ്രവൃത്തിയുടെ കാര്യത്തിലും വി.ഡി.സതീശൻ മിടുക്കനായ നേതാവാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
കോണ്‍ഗ്രസിന്റെ മുതല്‍ക്കൂട്ടാണ് അദ്ദേഹം. കേരളത്തിലെ യു.ഡി.എഫിനെ പ്രതിസന്ധിയില്‍നിന്ന് മുന്നോട്ടുനയിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന രാഷ്ട്രീയ പരിശീലന ക്യാമ്ബില്‍ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.

“എൻ.എസ്.യു ദേശീയ സെക്രട്ടറിയെന്ന സ്ഥാനമാണ് വി.ഡി. സതീശന് ആദ്യമായി ലഭിച്ച പ്രധാന അംഗീകാരം. മിടുമിടുക്കനാണ് വി.ഡി. സതീശനെന്ന കാര്യത്തില്‍ ആർക്കും സംശയം വേണ്ട. പ്രസംഗത്തിന്‍റെ കാര്യത്തിലും പ്രവൃത്തിയുടെ കാര്യത്തിലും മിടക്കനാണ്. നമ്മുടെ പാർട്ടിയുടെ മുതല്‍ക്കൂട്ടാണ്. എല്ലാവരെയും ഒന്നിച്ച്‌ നിർത്തി മുന്നോട്ടുപോകണം. കേരളത്തിലെ യു.ഡി.എഫിനെ പ്രതിസന്ധിയില്‍നിന്ന് മുന്നോട്ടുനയിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം” -രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ചെറുപ്പക്കാരെ ആകർഷിക്കുന്ന നയം സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവാക്കള്‍ക്ക് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ നല്‍കണം. യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റു നല്‍കും. ഏറ്റെടുക്കുന്ന സീറ്റുകളില്‍ വിജയിക്കണം. സർക്കാരിന്റെ ജനദ്രോഹ നടപടികള്‍ സംസ്ഥാനത്തെയാകെ ബാധിച്ചിരിക്കുകയാണ്. ഈ രാജ്യം മതേനിരപേക്ഷ രാജ്യമാണ്. സോഷ്യലിസമാണ് നമ്മുടെ ലക്ഷ്യം.

ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. നാട്ടില്‍ പ്രശ്‌നമുണ്ടാക്കുകയല്ല ഗവര്‍ണറുടെ ജോലി. മതേതരത്വത്തെ തകര്‍ക്കാനാണ് ശ്രമം. മതരാഷ്ട്രീയമാക്കി മാറ്റാനുള്ള നീക്കം ജനാധിപത്യ വിശ്വാസികള്‍ തകര്‍ക്കും. സിനിമയിലെ കഥാപാത്രത്തിനു ജാനകിയെന്ന് പേരിട്ടാല്‍ എന്താണ് പ്രശ്‌നം. ഇതില്‍ എന്താണ് സുരേഷ്‌ഗോപി പ്രതികരിക്കാത്തത്. കേന്ദ്രസര്‍ക്കാര്‍ ഫാഷിസത്തിലൂടെ സഞ്ചരിക്കുന്നതിന്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Facebook Comments Box