വില കൂടുന്തോറും മായവും കൂടുന്നു….; ഒരു മാസത്തിനിടെ 17,000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 1,014 പരിശോധനകള്‍ നടത്തി 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണ ജോർജ്.
25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. 1613 സ്ഥാപനങ്ങളില്‍ നിന്നും 63 ലക്ഷം രൂപ പിഴ ഈടാക്കി.
വെളിച്ചെണ്ണ നിർമാണ യൂണിറ്റുകള്‍, റീ പാക്കിങ് യൂണിറ്റുകള്‍, മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ അറിയിക്കാം.
വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിനാല്‍ മായം ചേർക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വ്യാജൻ പിടിമുറുക്കിയിട്ടുള്ളത്. ബ്രാൻഡുകളുടെ ഉള്‍പ്പെടെ പേരുപയോഗിച്ച് നിരവധി വ്യാജൻമാർ വിപണിയിലുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. വാസനയും നിറവും ലഭിക്കുന്നതിന് വെളിച്ചെണ്ണയില്‍ പാം ഓയില്‍, സണ്‍ഫ്ളവർ ഓയില്‍ എന്നിവ ചേർക്കുന്നുവെന്നും പറയുന്നു.
ആരോഗ്യത്തിന് ഹാനികരമായ പാംകേർണല്‍ ഓയില്‍, പാരഫീൻ ഓയില്‍ എന്നിവയും വ്യാപകമായി ചേർക്കുന്നുണ്ട്. അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയില്‍ വില കുറഞ്ഞ എണ്ണകള്‍ കലർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഓണക്കാലമാകുന്നതോടെ വെളിച്ചെണ്ണക്ക് ഡിമാൻഡ് കൂടും. മായം ചേർത്ത വെളിച്ചെണ്ണയുടെ വില്‍പനക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
അതിനിടെ, ഓണത്തിന് മുമ്ബ് വെളിച്ചെണ്ണക്ക് ഇനിയും വില കുറയുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. നിലവില്‍ സപ്ലൈകോ വഴി ലഭ്യമാകുന്ന വെളിച്ചെണ്ണയുടെ സബ്സിഡി നിരക്ക് ലിറ്ററിന് 349 രൂപയാണ്. 429 രൂപയാണ് സബ്സിഡിയിതര നിരക്ക്. ഈ രണ്ട് നിരക്കും എത്രത്തോളം കുറക്കാന്‍ കഴിയുമെന്ന് ചർച്ച ചെയ്യും. തുടർന്ന് പുതിയ വില പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു