കെ എസ് ആർ ടി സി കെട്ടിടത്തിൽ മദ്യശാല, തെറ്റില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് കെട്ടിടത്തിൽ മദ്യവിൽപ്പന ശാലകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ തെറ്റൊന്നുമില്ലെന്ന് മന്ത്രി ആന്റണിരാജു. കെട്ടിടം ബവ്‌കോയ്ക്ക് വാടകയ്ക്ക് നൽകുമ്പോൾ അത് കെ എസ് ആർടിക്ക് സാമ്പത്തിക മെച്ചം ഉണ്ടാവുമെന്നാണ് മന്ത്രിയുടെ നിലപാട്. സ്ത്രീ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആരോപണം ശരിയല്ല. ജീവനക്കാർ മദ്യം കഴിക്കാനിടവരുമെന്നുമൊക്കെയുള്ള വാദം തള്ളുകയാണ് മന്ത്രി. നേരത്തെയും മദ്യ ഔട്ട്‌ലറ്റുകൾ നാട്ടിലുണ്ടായിരുന്നല്ലോ, കൂടുതൽ ഔട്ട്‌ലറ്റുകൾ ആരംഭിച്ച് ജനങ്ങൾക്കുള്ള അസൗകര്യം കുറക്കുകയാണ് ചെയ്യുകയെന്നും, യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
പൊതുയിടം എന്ന നിലയിൽ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്‌സിൽ മദ്യശാലകൾ ആരംഭിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമപ്രകാരം ബസ്റ്റാന്റിൽ മദ്യശാലകൾ ആരംഭിക്കാനാവില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
കടക്കെണിയിലായ കെ എസ് ആർ ടി സിയെ രക്ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ മദ്യശാലയ്ക്ക് ഇടം നൽകാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് അധികൃതരുടെ വിശദീകരണം. കോടികൾ കടമെടുത്ത് നിർമ്മിച്ച കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലസുകൾ വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം വൻ നഷ്ടമാണ് കെ എസ് ആർ ടി സിക്കുണ്ടായിരിക്കുന്നത്