Fri. Apr 19th, 2024

ചെന്നിത്തല പശ്ചാത്തപിക്കേണ്ടി വരും; ആരും ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ടെന്ന് തിരുവഞ്ചൂർ

By admin Sep 4, 2021 #news
Keralanewz.com

കോട്ടയം: രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്നലെ കോട്ടയത്ത് ഡിസിസി അധ്യക്ഷൻറെ സ്ഥാനാരോഹണ ചടങ്ങിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിനെതിരെയാണ് തിരുവഞ്ചൂർ രംഗത്തെത്തിയത്. തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽനിന്ന് കളിക്കരുതെന്നും പാർട്ടിയിൽ ഉടലെടുത്ത പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിന് മറുപടിയെന്നോണം തിരുവഞ്ചൂർ പ്രതികരിച്ചത്. ‘തീ കെടുത്താൻ ചെന്നിട്ട് വേറെ സ്ഥലത്ത് പന്തംവെച്ച് കുത്തി തീ പടർത്തുന്നത് ശരിയല്ല. തർക്കം ഉണ്ടെങ്കിൽ തർക്കം പറഞ്ഞു തീർക്കണം’- തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും പ്രശ്‌നങ്ങൾ ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ചിട്ട് കാര്യമില്ലെന്നും ഇന്നലെ ചെന്നിത്തല പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തിരുവഞ്ചൂരിൻറെ വാക്കുകൾ.

ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽനിന്ന് കളിക്കരുതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞ് അദ്ദേഹത്തിൻറെ പിന്നിലൊളിക്കുന്ന നിലപാട് ആരും എടുക്കണ്ട. ഉമ്മൻ ചാണ്ടിക്ക് കേരള രാഷ്ട്രീയത്തിൽ കൃത്യമായ സ്ഥാനമുണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ട്. ആ സ്ഥാനത്തെ ചോദ്യം ചെയ്യാൻ ആരും ശ്രമിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഈ പ്രശ്‌നവും തീർക്കുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

ഇന്നലെ കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ അവഗണിക്കുന്ന രീതി ഉണ്ടാകില്ല. ഉമ്മൻചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. എനിക്ക് പബ്ലിസിറ്റി കിട്ടാൻ ഉമ്മൻ ചാണ്ടിയെ ഒരു ഐറ്റം ആക്കാൻ താനില്ലെന്നും തർക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ പറഞ്ഞ് തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. താൻ പരിധി വിടില്ലെന്നും പാർട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാൽ, പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ല. ആർക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെ’ന്നും തിരുവഞ്ചൂർ പറഞ്ഞു.

കോട്ടയത്ത് പുതിയ ഡിസിസി അധ്യക്ഷൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തല ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പാർട്ടിയിലെ കാര്യങ്ങൾ തന്നോട് ആലോചിക്കണമെന്നില്ലെന്നും പക്ഷേ ഉമ്മൻ ചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ‘ഇന്നിപ്പോൾ എന്നോട് ഒന്നും ആലോചിക്കണമെന്ന് ഞാൻ പറയുന്നില്ല. ഞാനിപ്പോൾ നാലണ മെമ്പർ മാത്രമാണ്. ഉമ്മൻ ചാണ്ടി അതുപോലെയല്ല. എഐസിസിയുടെ ജനറൽ സെക്രട്ടറിയാണ്, വർക്കിങ് കമ്മിറ്റി അംഗമാണ്. എഐസിസിയുടെ ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്’- ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരിൻറെ മറുപടി

Facebook Comments Box

By admin

Related Post