Wed. Apr 24th, 2024

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By admin Jun 11, 2021 #news
Keralanewz.com

പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതനയമാണെന്നും ആവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പിഎസ്‌സിയും സ്വീകരിക്കുന്നുണ്ടെന്നും പി സി വിഷ്ണുനാഥിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സീനിയോരിറ്റി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റഗുലർ പ്രൊമോഷനുകൾ തടസപ്പെടുന്ന കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ റഗുലർ പ്രൊമോഷനുകൾ നടത്താൻ തടസമുള്ള തസ്തികകളെ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്ക് താൽക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ പിഎസ്‌സിക്ക് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമന ശുപാർശ നൽകുന്നതിലും ഇത് ബാധിക്കുന്നില്ല. ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലുവരെ ദീർഘിപ്പിച്ചിട്ടുണ്ട്. എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതി കഴിഞ്ഞ ഫെബ്രുവരി 13ന് രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്‌സി പരീക്ഷകളും ഇന്റർവ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാൻ പിഎസ്‌സി നടപടി സ്വീകരിക്കും.

പിഎസ്‌സി അഡ്‌വൈസ് മെമ്മോ ലഭിച്ച അധ്യാപകർക്ക് അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ നിയമനം നൽകാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉപചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ സൃഷ്ടിച്ചത് 20,000 പുതിയ തസ്തികകള്‍

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചിരുന്നു. 4,223 റാങ്ക് ലിസ്റ്റുകളാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. മുൻ യുഡിഎഫ് ഭരണകാലത്ത് 3,418 റാങ്ക് ലിസ്റ്റുകൾ മാത്രം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1,61,361 നിയമനശുപാർശകള്‍ നൽകി. മുൻ യുഡിഎഫ് സർക്കാർ 1,54,384 നിയമന ശുപാർശകള്‍ നൽകിയെങ്കിലും അതിലുൾപ്പെട്ട 4,031 പേർക്ക് എൽഡിഎഫ് സർക്കാരാണ് നിയമനം നൽകിയത്

Facebook Comments Box

By admin

Related Post