Thu. Apr 18th, 2024

മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിക്ക് ഇന്ന് 70-ാം ജന്മദിനം

By admin Sep 7, 2021 #news
Keralanewz.com

പ്രായത്തിന്‍റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് ഇന്ന്  70-ാം ജന്മദിനം.ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെ. 

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. 

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി.

മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി. ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി. 80-തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ദ ആകർഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് ‘അടിയൊഴുക്കുകൾ’ എന്ന ചിത്രമാണ്‌. 

തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി. എണ്‍പതുകളിൽ പുറത്തിറങ്ങി ജനശ്രദ്ധ ആകർഷിച്ച ചില മമ്മൂട്ടി ചിത്രങ്ങളാണ്‌ സന്ധർഫം, നീർകൂത്ത്, അതിരാത്രം തുടങ്ങിയവ. മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു ‘സിബിഐ ഡയറി കുറിപ്പ്’. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. എം ടി വാസുദേവൻ‌ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post