നടന്‍ റിസബാവ അന്തരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി: മലയാള നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്യാസന്ന നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്

വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിടിച്ചു നിര്‍ത്തിയിരുന്നത്. താരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങി നിന്ന റിസബാവ നാടകത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സീരിയല്‍ രംഗത്തും ശ്രദ്ധനേടിയ താരം ഡബ്ബിംഗിലും മികവ് പുലര്‍ത്തിയിരുന്നു. ഡബ്ബിംഗിന് സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട്. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേറിന് ശബ്ദം നല്‍കിയത് മികച്ച പ്രതികരണമുണ്ടാക്കി

തോപ്പുംപടി സ്വദേശിയായ റിസബാവ 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ജോണ്‍ ഹോനായി എന്ന കഥാപാത്രം മികച്ച വിജയമായതോടെ അദ്ദേഹത്തെ തേടി നിരവധി സിനിമകള്‍ എത്തി.

ഇരിക്കൂ എംഡി അകത്തുണ്ട്, വക്കീല്‍ വാസുദേവ്, തിരുത്തല്‍വാദി, മലപ്പുറം ഹാജി മഹാനായ ജോജി, നേരറിയാന്‍ സിബിഐ, ആനവാല്‍മോതിരം, ഫസ്റ്റ് ബെല്‍, ഭൂതക്കണ്ണാടി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ചമ്പക്കുളം തച്ചന്‍, നിര്‍ണായകം, നസ്രാണി തുടങ്ങിയ 120 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •