Fri. Apr 26th, 2024

കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: കൈക്കൂലി വാങ്ങുന്നതിനിടെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പിടിയിൽ, ഏജന്റിൽ നിന്നും 5500 രൂപ കണ്ടെടുത്തു

By admin Sep 15, 2021 #news
Keralanewz.com

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി ആർ.ടി. ഓഫീസിലെ പി.എസ് ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എന്നിവർ ലൈസൻസ് എടുക്കാൻ വരുന്നവരിൽ നിന്ന് ഏജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പൊൻകുന്നം-പാല ഹൈവേ റോഡിൽ പഴയ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് മുന്നിൽനിന്നാണ് (അട്ടിക്കൽ ജംഗ്ഷൻ) ഇയാളെ കസ്റ്റഡിയിലെടുത്തത്. ഏജന്റിൽ നിന്ന് കൈക്കൂലിയായി 6,850 രൂപ കൈപ്പറ്റുന്നതിനിടെ പിന്നാലെ വന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ആർ.ടി. ഓഫീസിലെ പേഴ്‌സണൽ ക്യാഷ് രജിസ്റ്ററിൽ 380 രൂപ മാത്രമാണ് കൈയിലെന്നാണ് ചൊവാഴ്ച ശ്രീജിത്ത് രേഖപ്പെടുത്തിയിരുന്നത്. ഇത് പരിശോധിച്ചശേഷമായിരുന്നു അറസ്റ്റ്. കൈക്കൂലിപ്പണം കൈപ്പറ്റുന്നതിന്റെ വീഡിയോ വിജിലൻസ് പകർത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസിലുണ്ടായിരുന്ന ഏജന്റ് നിയാസിന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 5,500 രൂപ കണ്ടെടുത്തു. ഇയാളുടെ കൈയിൽനിന്ന് 54 വാഹനങ്ങളുടെ നമ്പരും അതിനു നേരെ 50 രൂപാ വീതം എന്നു രേഖപ്പെടുത്തിയ ലിസ്റ്റും കണ്ടെടുത്തു. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 50 രൂപ വീതം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ സെക്ഷൻ ക്ലർക്കുമാർക്ക് നൽകണമെന്നും അതിനായി ഓഫീസിലെ ഉദ്യോഗസ്ഥർ നൽകിയ ലിസ്റ്റാണിതെന്നും ഇയാൾ മൊഴി നൽകി. ഈ തുകയും വിജിലൻസ് പിടിച്ചെടുത്തു.

Facebook Comments Box

By admin

Related Post