പെന്‍ഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്…; ഇനി എല്ലാം വീട്ടുപടിക്കല്‍, വാതില്‍പ്പടി സേവന പദ്ധതിക്ക് തുടക്കം

Spread the love
       
 
  
    

തിരുവനന്തപുരം: പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കല്‍ തന്നെ സര്‍ക്കാരിന്റെ സേവന പദ്ധതികള്‍ എത്തിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതില്‍പ്പടി സേവന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവര്‍, പ്രായാധിക്യമുള്ളവര്‍, ചലന പരിമിതിയുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവരാണ് ഗുണഭോക്താക്കള്‍ .

ആദ്യ ഘട്ടത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നീ അഞ്ചു സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടില്‍ത്തന്നെ ലഭ്യമാക്കാന്‍ ഉള്ള നടപടി സ്വീകരിക്കും .

ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താല്‍ ഗുണഭോക്താവിന് ആവശ്യമായ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും. 

അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്. ആകെ അന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്തിയ ശേഷം വാതില്‍പ്പടി സേവനം സംസ്ഥാന തലത്തില്‍ ഡിസംബറില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Facebook Comments Box

Spread the love