Kerala News

വാണിജ്യ ആവശ്യത്തിന് കെട്ടിടനിര്‍മ്മാണത്തിനുതകും വിധം ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം ; കേരളാ കോണ്‍ഗ്രസ് (എം)

Keralanewz.com

തൊടുപുഴ:1964 ലേയും 1993 ലേയും ഭൂപതിവ് ചട്ടങ്ങളില്‍ കാലാനുസൃതമായ ഭേദഗതി വരുത്തി ഇടുക്കിയിലെ നിര്‍മ്മാണപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള ചട്ട പ്രകാരം പതിച്ചുകിട്ടിയ ഭൂമി കാര്‍ഷിക ആവശ്യത്തിനും വീട് വെക്കുന്നതിനും മാത്രമെ ഉപയോഗിക്കാവൂ എന്നതാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി പട്ടയഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് നിബന്ധനകളൊന്നും നിലനിന്നിരുന്നില്ല. മൂന്നാര്‍ മേഖലയിലെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള എട്ട് വില്ലേജുകളില്‍ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. എട്ട് വില്ലേജുകളില്‍മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇടുക്കിയോടുള്ള വിവേചനമാണെന്ന് ബൈസണ്‍വാലി സ്വദേശിനിയായ കോണ്‍ഗ്രസ് പഞ്ചായത്തംഗം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇടുക്കിയെ നിയമക്കുരുക്കിലേക്ക് നയിച്ചത്.

ഇത് സംബന്ധിച്ച കേസ് വാദിച്ചത് ഇപ്പോള്‍ മുവാറ്റുപുഴ എം.എല്‍.എ യായ അഡ്വ. മാത്യു കുഴല്‍നാടനാണ്. കേരളം മുഴുവനും നിയന്ത്രണം ബാധകമാക്കണമെന്ന കോടതി വിധി ഇവര്‍ സമ്പാദിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയാണുണ്ടായത്. തന്മൂലം ഇപ്പോള്‍ വാണിജ്യ ആവശ്യത്തിന് പട്ടയഭൂമിയില്‍ യാതൊരുനിര്‍മ്മാണ പ്രവര്‍ത്തനവും നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനായി ഭൂപതിവ് ചട്ടങ്ങളില്‍ നിയമഭേദഗതിമാത്രമാണ് പരിഹാരം. 17.12.2019 ല്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ 1964,1993 ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വാണിജ്യ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം നീക്കണമെന്നും മൂന്നാറിന്‍റെ സംരക്ഷണത്തിനായി പ്രത്യേക നിര്‍മ്മാണചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും ഏകകണ്ഠമായി അംഗീകരിച്ചിട്ടുള്ളതാണ്.

കോടതി വ്യവഹാരങ്ങള്‍ മൂലവും കോവിഡ് പശ്ചാത്തലത്തിലും തുടര്‍ നടപടികള്‍ വൈകിയത് ജില്ലയെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും സാമ്പത്തിക തകര്‍ച്ചയും ജില്ലയെ ഏറെ പിന്നോട്ടടിക്കുകയാണ്. പുതിയ തൊഴില്‍മേഖകള്‍ കണ്ടെത്തുന്നതിനായി വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കെട്ടിടം നിര്‍മ്മിക്കുവാന്‍ കഴിയാത്തത് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.1935 ലെ കാര്‍ഡമം റൂള്‍ അനുസരിച്ച് നല്‍കിയിട്ടുള്ള ഏല പട്ടയങ്ങളില്‍ വീട് നിര്‍മ്മാണത്തിന് നാളിതുവരെ യാതൊരു തടസ്സവും ഇല്ലായിരുന്നു. പഞ്ചായത്തില്‍ നിന്നും പെര്‍മിറ്റും കെട്ടിട നമ്പരും വാങ്ങി നിര്‍മ്മിച്ചിരിക്കുന്ന നിരവധി കെട്ടിടങ്ങള്‍ ഏലപ്പട്ടയ ഭൂമിയിലുണ്ട്.

കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഏലപ്പട്ടയ സ്ഥലങ്ങളില്‍ ഒരുതരത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാത്തത് ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഏലപ്പട്ടയങ്ങളിലെ നിര്‍മ്മാണ നിരോധനം നീക്കുവാനും ആവശ്യമായ ഭേദഗതി കൊണ്ടുവരേണ്ടതായിട്ടുണ്ട്.നിര്‍മ്മാണ മേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനായി അടിയന്തരമായി നിയമ ഭേദഗതി വരുത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 25 ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണാസമരം നടത്തും.ജില്ലാപ്രസിഡന്‍റ് ജോസ് പാലത്തിനാലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ പ്രൊഫ.കെ. ഐ ആന്‍റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, രാരിച്ചന്‍ നീറണാകുന്നേല്‍, ഷാജി കാഞ്ഞമല, അഡ്വ.എം.എം മാത്യു, ജിന്‍സന്‍ വര്‍ക്കി, ടോമി പൗലോമറ്റം, കെ.ജെ സെബാസ്റ്റ്യന്‍, സി.എം കുര്യാക്കോസ്, ജയകൃഷ്ണന്‍ പുതിയേടത്ത്, ഷിജോ തടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു

Facebook Comments Box