Sat. May 4th, 2024

സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതൽ തുറക്കും

By admin Sep 21, 2021 #news
Keralanewz.com

കൊച്ചി:പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായ സർക്കാർ സ്കൂളുകൾക്കൊപ്പം സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക.ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള തയ്യാറെടുപ്പുകളും സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവർത്തനം. സിബിഎസ്ഇ സ്‌കൂളുകളില്‍ ഓരോ കുട്ടികള്‍ക്കും ക്ലാസുകളിൽ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിയ്ക്കാന്‍ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്

അതേസമയം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരാൻ തീരുമാനമായി. രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡത്തിനു യോഗം രൂപം നൽകും. കുട്ടികൾക്കുള്ള മാസ്ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ്‌ എന്നിവയിലെല്ലാം അന്തിമ തീരുമാനം യോഗത്തിൽ ഉണ്ടായേക്കും.

പ്ലസ് വണ്‍ പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലെങ്കിലും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയാകും പരീക്ഷാ നടത്തിപ്പ്.

വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. കൊവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റര്‍മാര്‍ക്കും പി പി ഇ കിറ്റ് ലഭ്യമാക്കും. ഇവര്‍ക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിലാണ് പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയതും തീരുമാനിച്ചതും

Facebook Comments Box

By admin

Related Post