Fri. Apr 26th, 2024

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ 9.34 കോടിയുടെ വികസന പദ്ധതികൾ നാളെ നാടിനു സമർപ്പിക്കും; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

By admin Sep 27, 2021 #news
Keralanewz.com

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനത്തിന് കരുത്തേകുന്ന 9.34 കോടി രൂപയുടെ വികസന പദ്ധതികൾ നാളെ നാടിനു സമർപ്പിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 10ന് ഗവൺമെന്റ് നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ് നിർമാണം പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 

6.20 കോടി രൂപ ചെലവിൽ നിർമിച്ച നഴ്‌സിങ് കോളജ് ഓഡിറ്റോറിയവും ലൈബ്രറി-പരീക്ഷ ഹാൾ, 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഏഴ്, എട്ട് ന്യൂറോ സർജറി വാർഡുകൾ, ഒരു കോടി രൂപ ചെലവിൽ കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ ജനറേറ്റർ, 1.50 കോടി രൂപ ചെലവിൽ സ്ഥാപിച്ച 750 കെ.വി. ജനറേറ്റർ, സബ്‌സ്‌റ്റേഷൻ, 24.11 ലക്ഷം രൂപ ചെലവിൽ നിർമിച്ച നെഫ്രോളജി ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക

ചടങ്ങിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ വികസന റിപ്പോർട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലബീവി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസിലി ടോമിച്ചൻ, ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അനിത മാത്യു, ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ, ഗവൺമെന്റ് ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ടി. ബീന, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ്, നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വി.കെ. ഉഷ, ഫാർമസി കോളജ് മേധാവി ഡോ. വത്സല കുമാരി, മെഡിക്കൽ കോളജ് നഴ്‌സിംഗ് ഓഫീസർ വി.ആർ. സുജാത, ആർ.എം.ഒ. ഡോ. ആർ.പി. രഞ്ജിൻ  എന്നിവർ പങ്കെടുക്കും

നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയം ആശുപത്രി കാമ്പസിലെ ഏറ്റവും വലിയ ഓഡിറ്റോറിയമാണ്. ന്യൂറോസർജറി കഴിഞ്ഞ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കിയാണ് ഏഴ്, എട്ട് വാർഡുകൾ നവീകരിച്ചത്. ഓക്‌സിജൻ ജനറേറ്റർ സ്ഥാപിക്കുന്നതോടെ കുട്ടികളുടെ ആശുപത്രിക്ക് ഓക്‌സിജന്റെ ലഭ്യതയിൽ സ്വയംപര്യാപ്തത നേടാനാകും. മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് 750 കെ.വി. ജനറേറ്റർ ഉപകാരപ്പെടും. ഏഴു സ്ഥലങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾക്കും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകൾക്കും നെഫ്രോളജി വാർഡിലെ രോഗികൾക്കും പ്രയോജനം ലഭിക്കുന്നതാണ് നെഫ്രോളജി വാർഡ്

Facebook Comments Box

By admin

Related Post