Mon. Apr 29th, 2024

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘കോല്‍ ഇഡ്ഡലി’

By admin Oct 3, 2021 #news
Keralanewz.com

സൗത്ത് ഇന്ത്യക്കാരുടെ ഇഷ്ട ഭക്ഷണവും സ്വകാര്യ അഹങ്കാരവുമാണ് ഇഡലി ദോശ എന്നിവ. ദോശ പലരൂപത്തിലും വലിപ്പത്തിലും രുചിയിലും ഉണ്ട് എങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞും വലിയ വ്യത്യാസം ഒന്നും ഇല്ലാതെ പഴയ രൂപത്തില്‍ തന്നെയായിരുന്നു ഇഡലിയുടെ ജീവിതം. എന്നാലിപ്പോള്‍ കാലം മാറിയതിനു അനുസരിച്ചു കോലവും മാറി ന്യൂ ജെന്‍ ആയിരിക്കുകയാണ് നമ്മുട ഇഡലി. വാവട്ടത്തില്‍ വെളുക്കെ ചിരിച്ചു മാത്രം പരിചയമുള്ള ഇഡ്ഡലിയുടെ പുത്തന്‍ രൂപമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഐസ്‌ക്രീം കോലില്‍ ‘ഫിറ്റ് ചെയ്ത’ ഇഡ്ഡലിയാണ് ട്വിറ്ററിലും ട്രെന്റിങ്ങില്‍. ബംഗളുരുവിലെ ഒരു ഹോട്ടലാണ് കുല്‍ഫി മോഡല്‍ ഇഡ്ഡലി പുറത്തിറക്കിയത്.

കോല്‍ ഇഡ്ഡലിയും അരികെ വെച്ച സാമ്പാറും ചട്നിയുമുള്ള ചിത്രം പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. ആനന്ദ് മഹീന്ദ്രയുള്‍പ്പടെ വെറൈറ്റി ഇഡ്ഡലിയുടെ ചിത്രം ഷെയര്‍ ചെയ്തു. ബി.ബി.സി ഉള്‍പ്പടെ പുത്തന്‍ ഇഡ്ഡലിയുടെ വാര്‍ത്ത പങ്കുവെക്കുകയുണ്ടായി. പുതുമയുള്ള ഇഡ്ഡലി ഒരുക്കിയ ഹോട്ടലുകാരെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. ക്രിയേറ്റിവിറ്റിയുടെ നാടായ ബംഗളുരുവില്‍ നിന്നും പുത്തന്‍ ആശയങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നാണ് ചിലര്‍ ഇഡ്ഡലി ചിത്രത്തിന് തലക്കെട്ടായി കുറിച്ചത്. ഐസ്‌ക്രീം ഇഡ്ഡലി, കുല്‍ഫി ഇഡ്ഡലി എന്നിങ്ങനെ പല പേരുകളും ഇതിനോടകം ആരാധകര്‍ ഇഡ്ഡലിക്ക് നല്‍കിയിട്ടുണ്ട്

എന്നാല്‍, രൂപം മാറ്റി ഇഡ്ഡലിയെ ‘അപമാനി’ച്ചെന്ന് പരിഭവിക്കുന്നവരുമുണ്ട്. ജീവിതത്തില്‍ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുമെന്ന് കരുതിയതല്ലെന്നാണ് ചില പാരമ്പര്യ ഇഡ്ഡലി സ്നേഹികള്‍ പങ്കുവെക്കുന്ന ദുഖം. ലോകത്ത് മനുഷ്യത്വം ഇല്ലാതായെന്ന് ചിലര്‍ കുറിച്ചു. സംഗതി പുതിയ ആശയമാണെങ്കിലും, തെന്നിന്ത്യയില്‍ ഇതൊരു കലാപത്തിന് തിരികൊളുത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്. ഉടനെ നമ്മുടെ നാട്ടിലും ഈ വെറൈറ്റി ഇഡലി പ്രതീക്ഷിക്കാം

Facebook Comments Box

By admin

Related Post