ഉത്സവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ വീണ്ടും ഹൈക്കോടതി. ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്നാണ് നിരീക്ഷണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.
ഒരു കാര്യം ഏറെക്കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ല. എഴുന്നള്ളത്തിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചിരിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കും – കോടതി അറിയിച്ചു. ഈ കാര്യത്തില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേർത്തു.
ആന എഴുന്നള്ളത്തിന് കർശന നിർദേശങ്ങളടങ്ങുന്ന മാർഗരേഖയാണ് ഹൈക്കോടതി പുറത്തിറക്കിയിരുന്നത്. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം ഇനിമുതല്‍ ആന എഴുന്നള്ളത്ത് നടത്താന്‍. ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. ആനകള്‍ക്ക് വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നുമാണ് കോടതിയുടെ നിർദേശം.
ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെല്‍ത്ത് സർട്ടിഫിക്കറ്റ് എന്നിവയുണ്ടെന്ന് ഉറപ്പിക്കണം. രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. താല്‍ക്കാലികമായ വിശ്രമ സ്ഥലം വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകർ കമ്മിറ്റിയെ ബോധിപ്പിക്കണം. ദിവസം 30 കി.മീ കൂടുതല്‍ ആനകളെ നടത്തിക്കരുത്. ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ച് മീറ്റർ ദൂരപരിധിയുണ്ടാകണം. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റർ അകലം പാലിക്കണമെന്നുമാണ് കോടതിയുടെ മാർഗരേഖയിലെ നിർദേശങ്ങള്‍.