Kerala News

ടീച്ചര്‍ അല്ലേ എന്നു കരുതി ആദ്യം എക്‌സൈസ് വിട്ടുകളഞ്ഞത് മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണിയെ,കൊച്ചിയിലെ യുവാക്കള്‍ക്കിടയില്‍ ലഹരി എത്തിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണു സുസ്മിതയെന്നാണു പ്രാഥമിക അന്വേഷണത്തില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിനു വ്യക്തമാകുന്നത്.

Keralanewz.com

കൊച്ചി: കൊച്ചിയിലെ ലഹരിമരുന്നു കേസില്‍ സാധുവെന്നു കരുതി എക്‌സൈസ് സംഘം തുടക്കത്തില്‍ വെറുതേ വിട്ടത് മുഖ്യ ആസൂത്രകയെ എന്ന് സൂചനകള്‍. കോടികളുടെ ലഹരി കേസിന്റെ അന്വേഷണം ‘ടീച്ചര്‍’ എന്നു സ്വയം പരിചയപ്പെടുത്തിയിരുന്ന പ്രതി സുസ്മിത ഫിലിപ്പിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. കൊച്ചിയിലെ യുവാക്കള്‍ക്കിടയില്‍ ലഹരി എത്തിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണു സുസ്മിതയെന്നാണു പ്രാഥമിക അന്വേഷണത്തില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിനു വ്യക്തമാകുന്നത്.

ആഡംബര വാഹനങ്ങളില്‍ ലഹരി കടത്തുമ്ബോള്‍ റോഡില്‍ വാഹനപരിശോധന ഒഴിവാക്കാന്‍ പ്രതികള്‍ വിലകൂടിയ വളര്‍ത്തുനായ്ക്കളെ കൊണ്ടുപോകുമായിരുന്നു. പ്രതികള്‍ അറസ്റ്റിലായപ്പോള്‍ ഈ നായ്ക്കളെ ഏറ്റുവാങ്ങാനാണു കേസിലെ 12ാം പ്രതിയായ ഫോര്‍ട്ട്‌കൊച്ചി സ്വദേശി സുസ്മിത ഫിലിപ് (40) ടീച്ചറെന്നു സ്വയം പരിചയപ്പെടുത്തി എക്‌സൈസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പ്രതികളെ നേരിട്ട് അറിയാമെന്നും സുസ്മിത വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ അന്നത്തെ നീക്കത്തെ എക്‌സൈസ് സംശയിക്കാതിരുന്നതു തെളിവുകള്‍ നശിപ്പിക്കാന്‍ സഹായകരമായി.

കേസന്വേഷണം പുരോഗമിച്ചപ്പോഴാണു ലഹരി വിതരണത്തിന്റെ മുഖ്യസൂത്രധാര സുസ്മിതയാണെന്ന സംശയം ബലപ്പെട്ടത്. മകളുടെ ലഹരി ഇടപാടുകളെ കുറിച്ച്‌ അറിവില്ലെന്ന് ഇവരുടെ മാതാപിതാക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. എക്സൈസ് റെയ്ഡില്‍ പിടിയിലായ പ്രതികളെ നിയന്ത്രിച്ചത് ഇവരായിരുന്നെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്ക് എംഡിഎംഎ ലഭിച്ചത് എവിടെനിന്ന് എന്ന കാര്യത്തില്‍ ഇവര്‍ക്ക് അറിവുണ്ട് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വിശദമായ ചോദ്യം ചെയ്യലിനും ഫ്ളാറ്റില്‍ ഉള്‍പ്പടെ എത്തിച്ചു തെളിവെടുക്കുന്നതിനും ഇവരെ മൂന്നു ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയില്‍ ഇവര്‍ അറിയപ്പെട്ടത് ടീച്ചര്‍ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്‌കൂളില്‍ കുറച്ചുനാള്‍ ഇവര്‍ ജോലി ചെയ്തിരുന്നു. ഇവര്‍ കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ ഇടപാടുകള്‍ നടത്തിയതായും വിവരം ലഭിച്ചു. 12 പ്രതികള്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയില്‍നിന്നടക്കം കോളുകള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

Facebook Comments Box