Fri. Apr 26th, 2024

റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ്, റേഷൻ സാധനങ്ങളുമായി കെ.എസ്.ആർ.ടി.സി ബസ് വീട്ടിലെത്തും

By admin Oct 10, 2021 #news
Keralanewz.com

തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി റേഷന്‍ സാധനങ്ങളുമായും കെഎസ്‍ആര്‍ടിസി ബസുകള്‍ എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്

ഈ ദൗത്യത്തിനായി ബസുകള്‍ പ്രത്യേകമായി രൂപമാറ്റം ചെയ്യാനും ഡ്രൈവര്‍മാരെ വിട്ടുനല്‍കാനും തയ്യാറാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മലയോരമേഖലകളിലേയും തീരദേശമേഖലകളിലെയും ജനങ്ങൾക്ക് ആശ്വാസമാകുന്നതാകും ഈ നീക്കം.

‘റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ്’ എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി വ്യവസ്ഥകള്‍, ചിലവ് എന്നിവ സംബന്ധിച്ച് ഗതാഗത വകുപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ് ചര്‍ച്ച നടത്തിയെന്നും ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലകളിലേക്കും ഒരു ബസ് എന്ന രീതിയില്‍ പദ്ധതി തുടങ്ങാനാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍

ഇതോടൊപ്പം തന്നെ സഞ്ചരിക്കുന്ന മാവേലിസ്‌റ്റോറുകളായി കെഎസ്ആര്‍ടിസിയെ മാറ്റാനും സാധ്യതയുണ്ട്. പ്രധാനമായും ആദിവാസി ഊരുകളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ വാഹന സംവിധാനമാണ് ലക്ഷ്യംവെക്കുന്നത്.

അതേസമയം കണ്ടം ചെയ്‍ത കെഎസ്‍ആര്‍ടിസി ബസുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കെഎസ്‍ആര്‍ടിസിയുടെ പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ ഗതാഗതവകുപ്പും ഫിഷറീസ് വകുപ്പും തമ്മില്‍ തീരുമാനമെടുത്തു കഴിഞ്ഞു. പദ്ധതിയുടെ രൂപരേഖയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗതാഗതവകുപ്പും ഫിഷറീസും യോജിച്ച് പ്രവര്‍ത്തിക്കും. പദ്ധതി ചെലവിനെ സംബന്ധിച്ച് ഇരുവകുപ്പുകളും തമ്മില്‍ ഉടന്‍ ധാരണയില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

Facebook Comments Box

By admin

Related Post