Kerala News

കരിമ്പുകയം കുടിവെള്ള പദ്ധതി പൂർത്തിയാകുന്നു. എലിക്കുളം പഞ്ചായത്തിലും വെള്ളം എത്തും; ഗവ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്

Keralanewz.com

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രധാന പദ്ധതികളില്‍ ഒന്നായ കരിമ്പുകയം കുടിവെള്ള പദ്ധതികൂടി പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണെന്ന് ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു.
കെ എം മാണി ധനമന്ത്രിയായിരുന്ന 2011-2016 കാലയളവിലാണ് കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് ആദ്യമായി തുക അനുവദിക്കുന്നത്. 
കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പരമാവധി കുടിവെള്ള കണക്ഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതിക്ക് അന്ന് അനുവദിച്ച 20 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ടം പദ്ധതി പൂര്‍ത്തിയാക്കി.
 2013ല്‍ പ്രസ്തുത കുടിവെള്ള പദ്ധതിക്ക് ജലം അനുസ്യൂതം ലഭിക്കുന്നതിന് ലക്ഷ്യമിട്ട് മണിമലയാറ്റില്‍ ചെക്ക് ഡാം – കം – കോസ് വേ നിര്‍മിക്കുന്നതിന് 3.2 കോടി രൂപ അനുവദിച്ചു.  
2017 ആദ്യം തന്നെ പണി പൂര്‍ത്തിയാക്കി പൊതുജനത്തിന് തുറന്നുകൊടുത്തു. 
നിര്‍മ്മാണം പൂര്‍ത്തിയായ കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്  2017-18 ബജറ്റില്‍ മുൻ ധനകാര്യമന്ത്രി ബഹു. ശ്രീ.തോമസ് ഐസക് 20 കോടി രൂപ കൂടി അനുവദിച്ചു. 
മുൻ ധനകാര്യ മന്ത്രി കെ.എം.മാണി യുടെ  നിര്‍ദേശം കൂടി കണക്കിലെടുത്ത് പ്രസ്തുത പൈപ്പ് ലൈനുകള്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന് പുറമേ പാലാ നിയോജകമണ്ഡലത്തിലെ എലിക്കുളം പഞ്ചായത്തിലേക്ക് കൂടി എത്തിക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. 
2018ല്‍ തന്നെ പ്രസ്തുത പ്രോജക്ട് കിഫ്ബിയുടെ ബോര്‍ഡ് അംഗീകാരമായി. 68.66 കോടി രൂപയാണ് സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ പദ്ധതിക്ക് അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
 വാട്ടര്‍ അതോറിറ്റിയുടെ ഈ പദ്ധതിയോടൊപ്പം ജലജീവന്‍ മിഷന്‍ പദ്ധതികൂടി ചേരുമ്പോള്‍ 100 ശതമാനം വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ സാധിക്കുമെന്ന് ഡോ.ജയരാജ് പറഞ്ഞു. കുടിവെള്ള പദ്ധതികൾ കുറവായ എലിക്കുളം പഞ്ചായത്തിനും വലിയ നേട്ടമാണ് ഉണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞു

Facebook Comments Box