മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാല്‍ യുഡിഎഫ് തിരിച്ചു വരില്ല; ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി വി ഡി സതീശൻ
തിരുവനന്തപുരം: ഇത് പ്രതീക്ഷയുടെ വർഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദുർഭരണത്തിന് അവസാനം കുറിക്കണമെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്, തന്റെ ലക്ഷ്യം മുഖ്യമന്ത്രിപദമല്ലെന്നും സൂചിപ്പിച്ചു.
താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാല്‍ യുഡിഎഫ് തിരിച്ചു വരില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ നേതൃത്വം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാല്‍ യുഡിഎഫ് തിരിച്ചു വരില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. അങ്ങനെ ആയാല്‍ അതിന്റെ പിറകെയെ പോകൂവെന്നും എന്നാല്‍ അങ്ങനെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരു ലക്ഷ്യമെയുള്ളു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക. പോയ വർഷത്തെ മുണ്ടക്കൈ ചൂരല്‍മല ദുരന്തം വലിയ വേദനയുണ്ടാക്കി. പുതുവർഷം തിരഞ്ഞെടുപ്പുവർഷം. ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഈ വർഷം പ്രതീക്ഷയുടെ വർഷമാണ്. വിശ്രമിക്കാൻ സമയമില്ലാതെ തീഷ്‌ണമായ പ്രയത്നം വേണ്ടിവരും. ദുർഭരണത്തിന് അവസാനം കുറിക്കണം. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ എകോപനങ്ങള്‍ക്കും ടീം വർക്കിനും നേതൃത്വം കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാല്‍, വി.ഡി സതീശനേക്കാള്‍ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. രമേശ് നല്ലവനാണ്. തമ്മില്‍ ഭേദം തൊമ്മനാണ്. താക്കോല്‍ സ്ഥാനത്ത് ആരു വന്നിട്ടും കാര്യമില്ല. താക്കോല്‍ കിട്ടിയിട്ട് വേണ്ടേയെന്നും, അഞ്ചു പേര് താക്കോലിനായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.