Fri. May 3rd, 2024

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി .പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും’.

Keralanewz.com

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ഉത്തരവാദിത്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കെപിസിസി യോഗത്തില്‍ ആന്റണിയുടെ വിമര്‍ശനം. കോണ്‍ഗ്രസില്‍ ഐക്യമുണ്ടെന്ന് ബോധ്യപ്പെടുത്താനെങ്കിലും കഴിയണം. പാര്‍ട്ടി നേതൃത്വം കെ സുധാകരനും വി ഡി സതീശനുമാണ്. അത് എല്ലാവരും മനസിലാക്കണമെന്നും എ കെ ആന്റണി പറഞ്ഞു.

ഇതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പോരെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ വിലയിരുത്തല്‍. ചൊവ്വാഴ്ച നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലാണ് കനുഗോലു പാര്‍ട്ടി സംഘടനയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും കനുഗോലു പറഞ്ഞു. കനുഗോലു നയിക്കുന്ന ‘മൈന്‍ഡ് ഷെയര്‍ അനലിറ്റിക്‌സ്’ ടീം മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

സംസ്ഥാനത്തെ ഓരോ ലോക്‌സഭ മണ്ഡലത്തിന്റെ സ്വഭാവം, നിലവിലെ എംപിയുടെ പ്രവര്‍ത്തനം, ജനങ്ങള്‍ക്ക് എംപിയോടുള്ള അഭിപ്രായം, വിജയിക്കാനുള്ള സാധ്യത എന്നിവയെ കുറിച്ച്‌ കനുഗോലു ടീം പഠനം നടത്തിയിരുന്നു. രഹസ്യ സര്‍വേയും നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. നിലവിലുള്ള എംപിമാര്‍ ഭൂരിഭാഗം പേരും മത്സരിക്കുന്നതാണ് നല്ലതെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച ചില മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിയെ മാറ്റി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും സാധ്യതയേറെയാണ്. കനുഗോലുവിന്റെയും എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രാഷ്ട്രീയകാര്യസമിതി യോഗം നടന്നത്. ഇനിയുള്ള നാളുകളിലും ഈ തരത്തില്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് യോഗങ്ങള്‍ നടക്കുകയെന്നാണ് വിവരം.

Facebook Comments Box

By admin

Related Post