അടിമുടി ദുരൂഹത;മൃദംഗ വിഷനെതിരേ നിയമനടപടിക്ക് നൃത്താധ്യാപകരും രക്ഷിതാക്കളും, പരിപാടികളുടെ മറവില്‍ മുമ്പും വന്‍പിരിവ് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ഉമാ തോമസ് എം.എല്‍.എയ്‌ക്കു ഗുരുതരപരുക്കേല്‍ക്കാന്‍ ഇടയായ കൊച്ചി, കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹത.
ഇവര്‍ മുമ്പ് നടത്തിയ പരിപാടികളിലും നര്‍ത്തകരില്‍നിന്ന് വന്‍തോതില്‍ പിരിവ് നടത്തിയിരുന്നതായി റിപ്പോർട്ടുകൾ. സംസ്‌ഥാനത്തെ ഏറ്റവും വലിയ നൃത്തമത്സരമെന്നു പറഞ്ഞ് നര്‍ത്തകരെ ഫോണില്‍ ക്ഷണിച്ച് 3000 രൂപ വീതമാണു രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെട്ടത്.
ഗിന്നസ് റെക്കോഡ് എന്ന മോഹനവാഗ്‌ദാനം നല്‍കി നൃത്തപരിപാടിയിലൂടെ കോടികളാണു സംഘാടകര്‍ കീശയിലാക്കിയത്. ഇതിനായി പ്രമുഖ നടിയെ ഉള്‍പ്പെടെ അവർ കരുവാക്കി. കൊച്ചിയിലെ പരിപാടിയുടെ പേരില്‍ വിളിച്ചുകൂട്ടിയ ആലോചനായോഗങ്ങള്‍ ഉള്‍പ്പെടെ ആസൂത്രിതമായിരുന്നെന്നാണ് നൃത്താധ്യാപകര്‍ ആരോപിക്കുന്നത്
നൃത്തത്തിന്റെ ഉന്നമനത്തിനെന്നു തെറ്റിദ്ധരിപ്പിച്ചാണു പ്രമുഖ നൃത്താധ്യാപകരെ സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തി ആലോചനായോഗങ്ങളില്‍ പങ്കെടുപ്പിച്ചത്. കൊച്ചിയിലെ പരിപാടിയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ നൃത്താധ്യാപകര്‍ക്ക് ആളൊന്നിന് 900 രൂപ വരെ കമ്മീഷനാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്.
പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സമഗ്രമായ അനേഷണം നടക്കണമെന്നും നഷ്‌ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നൃത്താധ്യാപകരടക്കം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം