Kerala News

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ ഡോ വി.എം.കുട്ടി അന്തരിച്ചു

Keralanewz.com

മാപ്പിളപ്പാട്ട് ഗായകന്‍, രചയിതാവ്, സംഗീത സംവിധായകന്‍, ചിത്രകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു.

ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങളാല്‍ പുളിക്കലിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. രണ്ട് ആഴ്ച്ചയായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

അതേസമയം, മാപ്പിളപ്പാട്ട് ഗായകന്‍ എന്ന നിലയില്‍ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകള്‍ക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിയാണ്‌. 1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള വി എം കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്.

മൈലാഞ്ചി,പതിനാലാം രാവ്,ഉല്പത്തി,സമ്മാനം,മാന്യമഹാ ജനങ്ങളേ,സമ്മേളനം,1921,മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളില്‍ പിന്നണിപാടിയിട്ടുണ്ട് ഇദ്ദേഹം.

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം (എം.എന്‍. കാരശ്ശേരിയുമായി ചേര്‍ന്ന് എഴുതിയത്), വൈക്കം മുഹമ്മദ് ബഷീര്‍(മാലപ്പാട്ട്) എന്നിവയാണ് അദ്ദേഹം രചിച്ച കൃതികള്‍.

Facebook Comments Box