Kerala News

മദ്യലഹരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്ന് മരുമകന്‍: ഇരട്ട കൊലപാതകത്തില്‍ ഞെട്ടി വിറച്ച്‌ പൂജപ്പുര

Keralanewz.com

തിരുവനന്തപുരം: മദ്യലഹരിയില്‍ അച്ഛനെയും മകനെയും മരുമകന്‍ കുത്തിക്കൊന്നു. പൂജപ്പുരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുടവന്‍ മുഗള്‍ സ്വദേശി സുനില്‍, മകനായ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുനിലിന്റെ മരുമകന്‍ അരുണ്‍ എന്ന യുവാവാണ് ഇരുവരെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.

പൂജപ്പുരയിലെ ഓട്ടോഡ്രൈവറാണ് സുനില്‍. ഇയാളുടെ മകളുടെ ഭര്‍ത്താവായ അരുണ്‍ രാത്രി എട്ട് മണിയോടെ വീട്ടിലെത്തുകയും തുടര്‍ന്ന് തര്‍ക്കം സൃഷ്‌ടിച്ച ശേഷം സുനിലിനേയും അഖിലിനേയും കുത്തുകയുമായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രതി അരുണും ഭാര്യയുമായി കുറച്ചു ദിവസങ്ങളായി പിണങ്ങി കഴിയിരുകയായിരുന്നു. സ്വന്തം കുടുംബത്തടൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ ഭാര്യ വീട്ടിലെത്തിയ അരുണ്‍, ഭാര്യയുടെ സഹോദരനുമായി വാക്കുതര്‍ക്കത്തിലാവുകയായിരുന്നു. ഇതിനിടെ, കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയും തടയാന്‍ എത്തിയ അച്ഛനെ പ്രതി ആക്രമിക്കുകയുമായിരുന്നു. അരുണിന്റെ കുട്ടിയെ എഴുത്തിലിരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം, പ്രതി അരുണ്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും ക്രൂരമായി കുത്തിയ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജങ്ഷനില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Facebook Comments Box