Fri. May 3rd, 2024

ഉത്ര വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്

By admin Oct 13, 2021 #uthra murder
Keralanewz.com

കേരളജനത ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസ് ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിനുള്ള ശിക്ഷാവിധി കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് ഇന്ന് ശിക്ഷ വിധിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക.

മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ച്‌ ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ(27)പേരില്‍ ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201-ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

അതേസമയം, കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്ബോഴാണ് വിധി എത്തിയത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടില്‍വെച്ച്‌ പാമ്ബുകടിയേറ്റ ഉത്രയെ, ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച്‌, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

Facebook Comments Box

By admin

Related Post