Sat. Apr 20th, 2024

ആനവണ്ടിയില്‍ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക്: ടൂര്‍ പാക്കേജുമായി കെഎസ്‌ആര്‍ടിസി

By admin Oct 13, 2021 #news
Keralanewz.com

മലപ്പുറം: ആനവണ്ടിയില്‍ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് ഒരു ഗംഭീര യാത്ര നടത്തിയാലോ. കെഎസ്‌ആര്‍ടിസിയുടെ ഗൃഹാതുരത്വ ഓര്‍മ്മകളും അയവിറക്കി മൂന്നാറിലെ കോടമഞ്ഞ് ലക്ഷ്യം വെച്ചൊരു യാത്ര.      സംഭവം പൊളിക്കും. ഈ സ്വപ്നത്തിന് അവസരമൊരുക്കി ടൂര്‍ പാക്കേജ് തയ്യാറാക്കുകയാണ് കെഎസ്‌ആര്‍ടിസി. മലപ്പുറം ഡിപ്പോയില്‍ നിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജ് ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്നാരംഭിച്ച്‌ രാത്രി 7.30ന് മൂന്നാറിൽ എത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. രാത്രി ഡിപ്പോയിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറക്കം. ഞായറാഴ്ച കെഎസ്‌ആര്‍ടിസി സൈറ്റ് സീയിങ് ബസില്‍ കറങ്ങി മൂന്നാറിലെ കാഴ്ചകള്‍ കണ്ട ശേഷം, വൈകീട്ട് ആറിന് മലപ്പുറത്തേക്ക് തന്നെ മടങ്ങും. പാക്കേജ് നിരക്ക് സംബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി എംഡിയുടെ ഉത്തരവ് ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു

കെഎസ്‌ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാനവര്‍ദ്ധനയും കുറഞ്ഞ ചെലവില്‍ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുക എന്നതുമാണ് ടൂര്‍ പാക്കേജിന്റെ ലക്ഷ്യം. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍പ്പേര്‍ എത്തുന്നത് മലപ്പുറത്തു നിന്ന് ആയതുകൊണ്ടാണ് ടൂര്‍ പാക്കേജ് ആദ്യം അവിടെ നിന്ന് തുടങ്ങുന്നത്.പദ്ധതി വിജയമായാല്‍ മറ്റ് പ്രധാന ജില്ലകളില്‍ നിന്ന് പാക്കേജ് സര്‍വീസ് തുടങ്ങും. ഇപ്പോള്‍ മൂന്നാറില്‍ 100 രൂപയ്ക്ക് കെഎസ്‌ആര്‍ടിസി ബസില്‍ താമസം, ടോപ് സ്റ്റേഷന്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ സൈറ്റ്‌സീയിങ് തുടങ്ങിയവയുണ്ട്. സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചാലുടന്‍ മാങ്കുളം ആനക്കുളത്തേക്കും പുതിയ സൈറ്റ് സീയിങ് സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്‌ആര്‍ടിസി

Facebook Comments Box

By admin

Related Post