ലഹരിമരുന്ന് കേസ്; ആറു ദിവസം കൂടി ആര്യൻ ജയിലിൽ തന്നെ; ജാമ്യഹർജിയിൽ വിധി ഒക്ടോബർ 20 ന്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മുംബൈ:
ലഹരിമരുന്ന് കേസിൽ പിടിയിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആറു ദിവസം കൂടി ജയിലിൽ തുടരും. ആര്യൻ ഖാന്റെ ജാമ്യഹർജിയിൽ വിധി ക്ടോബർ 20-ലേക്ക് മാറ്റിയതോടെയാണിത്. മുംബൈയിലെ എൻ.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹർജി വിധി പറയൽ മാറ്റിവെച്ചത്.

ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് എൻ.സി.ബി.യുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ആര്യൻ ഖാൻ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്. സുഹൃത്തായ അർബാസിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ആര്യനും കൂടി ഉപയോഗിക്കാനുള്ളതായിരുന്നു.

ഇവരുടെ ഫോണുകളിൽനിന്ന് വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് വിൽപനയെ സംബന്ധിച്ച് ആര്യൻ ചർച്ച നടത്തിയതിനും തെളിവുണ്ട്. പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നൽകുന്നത് തെറ്റാണെന്നും എൻ.സി.ബി. അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ ആര്യനെതിരേ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വാട്‌സാപ്പ് ചാറ്റുകൾ ദുർബലമായ തെളിവുകളാണെന്നും അതിന്റെ പേരിൽ ഈ ആൺകുട്ടിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. നിലവിൽ കുറ്റവിമുക്തനാക്കാനല്ല, ജാമ്യത്തിനായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന് ഹാജരാകാമെന്നുള്ള ഉപാധികളടക്കം മുന്നോട്ടുവെച്ച് കോടതിക്ക് ജാമ്യം നൽകാമെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും പ്രതിഭാഗം പറഞ്ഞു. തുടർന്നാണ് ജാമ്യഹർജി വിധി പറയാനായി 20-ലേക്ക് മാറ്റിവെയ്ക്കുന്നതായി ജഡ്ജി വി.വി. പാട്ടീൽ വ്യക്തമാക്കിയത്.

ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ഒക്ടോബർ രണ്ടാം തീയതിയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ എൻ.സി.ബി അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ ആകെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരിമരുന്ന് വിതരണക്കാരും ഇതിൽ ഉൾപ്പെടുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ നിലവിൽ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്. വ്യാഴാഴ്ചയാണ് ക്വാറന്റീൻ സെല്ലിൽനിന്ന് ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •