Thu. Apr 25th, 2024

നാളെ കൂടി മഴ; തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യെല്ലോ അലര്‍ട്ട്‌

By admin Oct 17, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് 11 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

6  മൃതദേഹങ്ങള്‍  കണ്ടെടുത്തു

അതേസമയം ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ച കോട്ടയം കൂട്ടിക്കലില്‍ ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ 6 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കാവാലിയില്‍നിന്ന് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.  ഇന്നലെ കാവാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചിരുന്നു. ഇതോടെ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം 9 ആയി. ഇനി കണ്ടെത്താനുള്ള അഞ്ചു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങി. 

ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍ എന്നയാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി.  എറണാകുളം, കോട്ടയം അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ 40 പേര്‍ അടങ്ങുന്ന സംഘമാണ് കൂട്ടിക്കലില്‍ തിരച്ചില്‍ നടത്തുന്നത്. ഇടുക്കി കൊക്കയാറിലും എട്ടുപേര്‍ക്കായി തിരച്ചില്‍. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും. 

കോട്ടയത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴ്ന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മണിമലയില്‍ വെള്ളം ഉയരുന്നു.  ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മണിമലയാര്‍ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലില്‍ 70 വീടുകളില്‍ വെള്ളം കയറി. മല്ലപ്പളളി ടൗണിലടക്കം സ്ഥിതി ഗുരുതരം, ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. അച്ചന്‍കോവിലാറിലും പമ്പയാറ്റിലും വെള്ളം താഴ്ന്നില്ല, വീയപുരത്തും വെള്ളക്കെട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ കുട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്. ആലപ്പുഴയില്‍  രാത്രിയിലും ഇടവിട്ട് ശക്തമായ മഴയാണ്. ചെങ്ങന്നൂരിലെ മുളക്കുഴ, ഇടനാട് മേഖലകളില്‍  വീടുകളില്‍ വെള്ളം കയറി. കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും  താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. നഗരത്തില്‍ ഇടവിട്ട് മഴയുണ്ട്.

Facebook Comments Box

By admin

Related Post