Kerala News

വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമം; നെടുമ്ബാശേരി വിമാനത്താവളത്തില്‍ നാലു വിദ്യാര്‍ത്ഥികള്‍ കൂടി പിടിയില്‍

Keralanewz.com

നെടുമ്ബാശ്ശേരി: വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച നാലു വിദ്യാര്‍ത്ഥികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി രഹ്‌നാബീഗം, പാലക്കാട് സ്വദേശികളായ ഷഹീന്‍, മുഹമ്മദ് ഹാഷിര്‍, അങ്കമാലി സ്വദേശി ബിനോ ജോയ് എന്നിവരാണ് പിടിയിലായത്. വിവിധ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മൂന്നുപേര്‍ പിടിയിലായിരുന്നു.

ബിരുദ കോഴ്‌സിന് നിശ്ചിത മാര്‍ക്കില്ലാത്തതുകൊണ്ടാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയത്. പരസ്പരം പരിചയമുള്ളവരല്ല. സ്റ്റുഡന്റ് വിസയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. എം.ബി.എ, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കാന്‍ ലണ്ടനിലെ സര്‍വകലാശാലയില്‍ പലരും ലക്ഷക്കണക്കിന് രൂപ അടച്ചവരാണ്.

ഇവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കിയത് വ്യത്യസ്ത ആളുകളാണ്. ലണ്ടനില്‍ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനവും സാധ്യമാകുമെന്ന് കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ചത്. എമിഗ്രേഷന്‍ വിഭാഗമാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. നെടുമ്ബാശ്ശേരി പൊലീസിന് കൈമാറിയ ഇവരെ ജാമ്യത്തില്‍ വിട്ടു.

Facebook Comments Box