Thu. Apr 25th, 2024

മുല്ലപ്പെരിയാര്‍: ജലനിരപ്പില്‍ മാറ്റം വേണ്ടെന്നു മേല്‍നോട്ട സമിതി; വിയോജിച്ച് കേരളം, കേസ് നാളത്തേക്കു മാറ്റി

By admin Oct 27, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ്, റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സമിതി റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കാന്‍ കേരളം സമയം തേടിയതിനെത്തുടര്‍ന്ന് കേസ് നാളത്തേക്കു മാറ്റി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചിരുന്നു, ഇതനുസരിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സമിതി റിപ്പോര്‍ട്ടിലെ പ്രതികരണം എഴുതി നല്‍കുമെന്ന് കേരളം അറിയിച്ചു. നാളെ രാവിലെയോടെ ഇതു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. നാളെ ഉച്ചയ്ക്കു രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.

ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ മഴ പെയ്താല്‍ ജലനിരപ്പ് ഉയരുമെന്നും അതു സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി. നിലവിലെ ജലനിരപ്പ് 137.7അടിയായതിനാല്‍ ആശങ്കയ്ക്കു വകയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സുരക്ഷ പ്രധാനമാണ്. 2016ലെ അവസ്ഥ ആയിരിക്കില്ല, 2021ല്‍ എന്നു കോടതി പറഞ്ഞു. 

അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഭീതി അസ്ഥാനത്താണ്. കേസ് ദീപാവലി അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റണമെന്നും തമിഴ്‌നാട് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തിന്റെ മറുപടി ലഭിച്ച ശേഷം നാളെത്തന്നെ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Facebook Comments Box

By admin

Related Post