Sat. Apr 27th, 2024

വിശ്വാസം ‘ഒറ്റയക്ക’ത്തിനൊപ്പം; ഇരട്ട അക്ക ബസ്സുകള്‍ കുറവ്; ക്രമീകരണം അപ്രായോഗികമെന്ന് ഉടമകള്‍

By admin Jun 18, 2021 #news
Keralanewz.com

പാലക്കാട്: ഒറ്റ, ഇരട്ടയക്ക ക്രമീകരണം അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വീസ് പ്രായോഗികമാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒറ്റയക്ക നമ്പരുകളാണ് കൂടുതല്‍ എന്നതിനാല്‍ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളും സര്‍വീസ് നടത്തുന്ന സാഹചര്യം ഉണ്ടാവുമെന്ന് ബസ് ഉടമകള്‍ പറയുന്നു.

വിശ്വാസത്തിന്റെ പേരില്‍ ഒറ്റയക്ക നമ്പരുകളാണ് ബസ് ഉടമകള്‍  കൂടുതലും തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എംബി സത്യന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളുമാണ് സര്‍വീസിന് ഉണ്ടാവുക. ഇത് യാത്രക്കാരെ അകറ്റാനാണ് ഉപകരിക്കുകയെന്ന് സത്യന്‍ പറയുന്നു.

ഒറ്റ ഇരട്ട അക്ക നമ്പര്‍ ക്രമീകരണം അനുസരിച്ച് ചില ബസുകള്‍ക്ക് മൂന്നു ദിവസവും മറ്റു ചിലതിന് രണ്ടു ദിവസവുമാണ് സര്‍വീസ് നടത്താനാവുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസിന് അനുമതിയില്ല. ആഴ്ചയില്‍ രണ്ടു ദിവസത്തേക്കു മാത്രമായി ജോലിക്കാരെ കിട്ടാന്‍ പ്രയാസമാവുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍വീസ് നടത്തണോയെന്ന് ബസ് ഉടമകള്‍ ആലോചിച്ചു തീരുമാനിക്കുകയെന്നും ഗോപിനാഥന്‍ അറിയിച്ചു.

ഓടാതെ കിടക്കുന്നതില്‍ ഇന്‍ഷുറന്‍സ് തുകയില്‍ ഇളവു ലഭിക്കാന്‍ ഒട്ടേറെ ബസ് ഉടമകള്‍ ജി ഫോം നല്‍കിയിട്ടുണ്ട്. ഇവയ്ക്ക് 31ന് ശേഷമേ നിരത്തിലിറക്കാനാവൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുറച്ചു ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്നത് യാത്രക്കാരെ വീണ്ടും പൊതു ഗതാഗതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്തമാവില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

Facebook Comments Box

By admin

Related Post