Kerala News

മദ്യവിൽപനയിൽ റെക്കോർഡ് ; ഇന്നലെ വിറ്റത് 60 കോടിയുടെ മദ്യം, ഏറ്റവും കൂടുതൽ തേങ്കുറിശ്ശിയിൽ

Keralanewz.com

തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ഇന്നലെ നടന്നത് വമ്പൻ വില്പന. ബെവ്കോയുടേയും കൺസ്യൂമർ ഫെഡിൻ്റെയും മദ്യശാലകൾ വഴി ഇന്നലെ മാത്രം വിറ്റത് 60 കോടിയുടെ മദ്യമാണ്. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശി ഇന്നലെ വിറ്റത്.

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ ബെവ്കോ ഔട്ട്ലെറ്റുകൾ തുറന്നപ്പോൾ നീണ്ട നിരയായിരുന്നു. ആകെ 265 ഓട്ട്ലെറ്റുകളിൽ 225 എണ്ണമാണ് ആദ്യ ദിവസം പ്രവർത്തിച്ചത്. ഇതുവഴി 51 കോടിയുടെ മദ്യം വിറ്റു. സാധാരണദിവസങ്ങളിൽ ശരാശരി 30 കോടി മുതൽ 40 കോടി വരെയാണ് വിൽപ്പന ഉണ്ടാകുക. എന്നാൽ ഓണം ക്രിസ്തുമസ് പോലുള്ള ആഘോഷദിവസങ്ങളിൽ 70 കോടി വരെ വിൽപ്പന ഉയരാറുണ്ട്. പാലക്കാട് തേങ്കുറിശ്ശിയിലാണ് ഇന്നലെ ഏറ്റവുമധികം വിൽപ്പന. 68 ലക്ഷമാണ് തേങ്കുറിശ്ശിയില്‍ വിറ്റത്.

തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെ മദ്യവും വിറ്റു. കൺസൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി എട്ട് കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്താകെ കൺസ്യൂമർ ഫെഡിന്റെ 32 ഔട്ട്ലെറ്റുകളാണുള്ളത്. ബാറുകളും തുറന്നെങ്കിലും കണക്കുകൾ കിട്ടിയിട്ടില്ല. കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായിട്ടാണ് ഇന്നലെ മുതൽ മദ്യ വിൽപന പുനരാരംഭിച്ചത്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ ഒമ്പത് മണിക്ക് വിൽപ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യൂ ആയിരുന്നു മദ്യവിൽപ്പന ശാലകളിൽ ഉണ്ടായത്.തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലെറ്റുകളും തുറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒന്നരമാസത്തിലേറെ അടഞ്ഞുകിടന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് 1700 കോടി രൂപയുടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഇത് വരും ദിവസങ്ങളിൽ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

Facebook Comments Box