EDUCATIONInternational NewsJobs

കാനഡയിലെത്തി, പിന്നെ മുങ്ങി;’ പഠിക്കാൻ പോയ 20000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ കടന്നു കളഞ്ഞതായി സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.

Keralanewz.com

സ്റ്റുഡൻ്റ് വീസയില്‍ കാനഡയില്‍ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോർട്ട്.

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ അൻപതിനായിരത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികള്‍ കനഡയിലെത്തിയെങ്കിലും കോളേജുകളില്‍ ഹാജരായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർഥികളില്‍ 6.9 ശതമാനം പേരും പഠനം ഉപേക്ഷിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. 5.4 ശതമാനത്തോളം ഇന്ത്യൻ വിദ്യാർഥികള്‍ പഠനം ഉപേക്ഷിച്ചിട്ടുണ്ട്. വിദ്യാർത്ഥികള്‍ കൃത്യമായ ക്ലാസില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വർഷത്തില്‍ രണ്ടുതവണ എൻറോള്‍മെൻ്റിനെക്കുറിച്ച്‌ റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ ഭാഗമായി ഇൻ്റർനാഷണല്‍ സ്റ്റുഡൻ്റ് കംപ്ലയൻസ് റെജിമിന് കീഴിലാണ് വിദ്യാർത്ഥികളുടെ കണക്കുകള്‍ ശേഖരിച്ചത്.

144 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികളെ ട്രാക്കു ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫിലിപ്പീൻസില്‍ നിന്നുള്ള 688 വിദ്യാർത്ഥികളും (2.2 ശതമാനം) ചൈനയില്‍ നിന്നുള്ള 4,279 (6.4 ശതമാനം) വിദ്യാർത്ഥികളും ക്ലാസില്‍ എത്തുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ക്ലാസില്‍ എത്താത്ത വിദ്യാർത്ഥികള്‍ വിസാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്ന് ടൊറൻ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സുമിത് സെൻ പറയുന്നു. നാട്ടിലേക്ക് തിരികെ അയക്കുന്നതടക്കമുള്ള നടപടികള്‍ ഇവർക്കെതിരെ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാനഡ- യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നു എന്നാരോപിച്ച്‌ കനേഡിയൻ കോളേജുകളും ഇന്ത്യയിലെ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുപകരം, ഈ വിദ്യാർത്ഥികള്‍ അനധികൃതമായി അമേരിക്കയിലേക്ക് കടന്നതായാണ് ആരോപിക്കപ്പെടുന്നത്. അതേസമയം നോ-ഷോ വിഭാഗത്തില്‍പെടുത്തിയ മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും കാനഡയില്‍ തന്നെ തുടരുകയും അവിടെ ജോലി ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

സ്റ്റുഡന്റ് വിസാ ദുരുപയോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഇമിഗ്രേഷന് മന്ത്രി മാര്ക്ക് മില്ലര് നവംബറില് അന്താരാഷ്ട്ര വിദ്യാര്ഥികള്ക്കുള്ള നിയമങ്ങള് കര്ശനമാക്കിയിരുന്നു.
കംപ്ലയിൻസ് റിപ്പോർട്ടുകള്‍ സമർപ്പിക്കാത്ത കോളേജുകളും സർവ്വകലാശാലകളും ഒരു വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വീകരിക്കുന്നതില്‍ നിന്ന് സസ്പെൻഷൻ നേരിടേണ്ടി വന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

Facebook Comments Box