Thu. Apr 25th, 2024

കാറ്ററിങ് സര്‍വീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം നല്‍കി

By admin Nov 18, 2021 #catering service
Keralanewz.com

തിരുവനന്തപുരം: കാറ്ററിങ് സര്‍വീസുകാര്‍ കല്യാണചടങ്ങുകളിലേക്കും മറ്റ് പരിപാടികളിലേക്കും ചടങ്ങുകളിലേക്കും നല്‍കുന്ന ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാകുന്നു എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലും കാറ്ററിങ് സര്‍വീസുകളെ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലും പുതിയ മാര്‍ഗനിര്‍ദ്ദേശം നല്‍കി.

ഭക്ഷ്യസുരക്ഷാ ആക്‌ട് 2006 റൂള്‍സ് & റഗുലേഷന്‍സ് 2011 പ്രകാരം കാറ്ററിങ് സര്‍വീസുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് നിര്‍ബന്ധമാണ്.
ചില കാറ്ററിങ് സ്ഥാപനങ്ങള്‍ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. കാറ്ററിങ് സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തിരിക്കണം.

ഭക്ഷണവസ്തുക്കള്‍ ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കണം. ശീതീകരിച്ച ഭക്ഷണം 5 ഡിഗ്രി സെല്‍ഷ്യസിനു താഴെയും ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെല്‍ഷ്യസിനു മുകളിലും സൂക്ഷിക്കണം.

കാറ്ററിങ് സ്ഥാപനങ്ങളില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സാമ്ബിളുകള്‍ നിര്‍ബന്ധമായും രണ്ട് ദിവസം കേടുവരാത്ത രീതിയില്‍ സൂക്ഷിക്കുകയും പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ ഹാജരാക്കുകയും വേണം.
കാറ്ററിങ് സര്‍വീസ് സ്ഥാപനത്തിലെ ഒരു സൂപ്പര്‍വൈസര്‍ എങ്കിലും എഫ്.എസ്.എസ്.എ.ഐയുടെ FoSTaC പരിശീലനം നേടിയിരിക്കണം. പരിശീലനം നേടിയ വ്യക്തി സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.

പരിശീലനം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണം.
കാറ്ററിങ് സര്‍വീസിനായി ഓര്‍ഡര്‍ നല്‍കുന്ന ഉപഭോക്താക്കള്‍ സ്ഥാപനങ്ങള്‍ (കാറ്ററിങ് ഏജന്‍സികള്‍, ഹോട്ടലുകള്‍, റെസ്റ്റാറന്റ്) ഭക്ഷ്യസുരക്ഷാ ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

കാറ്ററിങ് സ്ഥാപനങ്ങളെ സംബന്ധിച്ചും ഹോട്ടലുകളെ സംബന്ധിച്ചും പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധകള്‍ ശക്തമാക്കുകയും നിയമലംഘനം കണ്ടെത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post