Thu. Mar 28th, 2024

രണ്ടാം പിണറായി സർക്കാർ പാതി വർഷം പിന്നിടുമ്പോൾ…

By admin Nov 27, 2021 #news
Keralanewz.com

വാരവിചാരം (പ്രതിവാര പംക്തി)

ജയകൃഷ്ണൻ പുതിയേടത്ത്

ചരിത്രവിജയം നേടിയ രണ്ടാം പിണറായി സർക്കാർ ആറുമാസം പിന്നിടുകയാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം അതിൻറെ ആദ്യത്തെ ആറുമാസം എന്ന് പറയുന്നത് ബാല്യ കാലമാണ്. ശിശുക്കളുടെ ആയുസ്സ് ഗണിക്കുന്നത് ജ്യോതിഷത്തിൽ പോലും നിഷിദ്ധമാണ്. പക്ഷേ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണല്ലോ, മന്ത്രിസഭയുടെ ക്യാപ്റ്റന് മാറ്റമില്ല, മന്ത്രിസഭാംഗങ്ങൾ മാത്രമാണ് പുതുമുഖം, മന്ത്രി സഭാംഗങ്ങളിൽ പലരും ദീർഘനാൾ എംഎൽഎ ആയി ഭരണ പരിചയം കണ്ടും കേട്ടും പഠിച്ചും നേടിയവരാണ്. മാത്രവുമല്ല   ഈ സർക്കാർ കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയുമാണ്. അതെ പിണറായിസർക്കാർ  അഞ്ചര വർഷം പിന്നിടുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതും ഒരു റെക്കോർഡാണ്. ഒന്നാം പിണറായി സർക്കാർ അഭിമുഖീകരിച്ച വെല്ലുവിളികൾ ഏറെയായിരുന്നു..  സ്വപ്നയും ശിവശങ്കറും തുടങ്ങി

  ലൈഫ് മിഷൻ, ശബരിമല, എന്നിങ്ങനെ ഏറ്റവും ഒടുവിലായി ആഴക്കടൽ മത്സ്യബന്ധനം വരെയുള്ള കോളിളക്കം സൃഷ്ടിച്ച ആരോപണങ്ങൾക്ക് നടുവിൽ  അക്ഷോഭ്യനായി മുന്നോട്ടു പോയ കരുത്തുറ്റ നായകത്വം. ആരെയും കൂസാതെ, ആരോപണങ്ങൾക്ക് മുൻപിൽ   അചഞ്ചലനായി ജനങ്ങളെ വിശ്വാസമർപ്പിച്ച് നേടിയ വിജയം. അതിനു പത്തരമാറ്റ് തങ്കത്തിളക്കമുണ്ടായിരുന്നു. മന്ത്രിസഭയിലെ ഇ.പി ജയരാജൻ, തോമസ് ഐസക്ക്,ജി.സുധാകരൻ,  പോലുള്ള പാർട്ടിയുടെയും പൊതുസമൂഹത്തിലേയും ജനപിന്തുണയുള്ള വരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് പോരിനിറങ്ങിയപ്പോൾ സ്വന്തം കക്ഷിയിലും മുന്നണിയിലും പെട്ടവർ തന്നെ ആശങ്ക പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന മുദ്രാവാക്യം ഉയർത്തിയവർ തന്നെ ശങ്കിച്ച ആ വിജയം കൈപ്പിടിയിലൊതുക്കിയ പിണറായി എന്ന കപ്പിത്താന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം തന്നെയാണിതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല

വലതു പക്ഷ മുന്നണിയിൽ നിന്നും പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് എമ്മിനെ ആരും പ്രതീക്ഷിക്കാത്തത്ര വേഗത്തിൽ മുന്നണി യിൽ ചേർത്ത്  വാരിപ്പുണർന്ന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചത് എല്ലാവരിലും അമ്പരപ്പ് ഉണ്ടാക്കിയിരുന്നുവെങ്കിലും. പിണറായിയുടെ ഉദ്യമം തെറ്റിയില്ല. മദ്ധ്യതിരുവിതാംകൂർ എന്നും വലതുപക്ഷത്തോട് വല്ലാത്ത മമതപുലർത്തിയ ചരിത്രം, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുത്തിയത് വിജയത്തിന്റെ സമവാക്യം വേഗത്തിൽ സെറ്റാക്കി.കേരള കോൺഗ്രസ് എം ന്റെ സ്വാധീനശക്തി തിരിച്ചറിഞ്ഞ്  ഗെയിം പ്ളാൻ ഒരുക്കിയ ഇടത് മുന്നണി അപ്രതീക്ഷിത മണ്ഡലങ്ങളിൽ പോലും വിജയം വരിച്ചു

ചില മണ്ഡലങ്ങളിലെ പരാജയം നിരാശ ഉണർത്തിയെങ്കിലും 99 എന്ന അത്ഭുത സംഖ്യ ഇടതുപക്ഷത്തെ അണികൾക്ക്  നൽകിയ ആവേശം ചെറുതല്ലായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് പിണറായി വിജയൻ സ്വീകരിച്ച അപ്രമാദിത്യം മന്ത്രിസഭയിലും തുടർന്നു. ബർത്ത് ഉറപ്പിച്ച പലരും നിരാശരായി, പുതുമുഖങ്ങളായവർക്ക് കനപ്പെട്ട വകുപ്പും ലഭിച്ചു. കേരള കോൺഗ്രസ് എമ്മിന് ജോസ് കെ മാണി പരാജയപ്പെട്ടത് കാരണം മികച്ച വകുപ്പ് ലഭിച്ചില്ല എന്നുള്ളത് യാതാർഥ്യമാണ്. എങ്കിലും അത്ര അപ്രധാനമല്ലാത്ത ജലവിഭവവകുപ്പ് ലഭിച്ചു

സിപിഐയുടെ കയ്യിലുള്ള വനം വകുപ്പ് എൻസിപിക്ക് നൽകി. ചെറിയ ഘടകകക്ഷികളുടെ മന്ത്രിമാരെ തീരുമാനിക്കുന്നതു വരെ പിണറായി  ആണെന്ന ചർച്ചയും മാധ്യമങ്ങൾ ഉയർത്തിവിട്ടെങ്കിലും രണ്ടാം വിജയത്തിന്റെ ആരവത്തിൽ അതെല്ലാം മുങ്ങിപ്പോയി. മിടുക്കനായ എം.ബി രാജേഷിനെ  നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതും പിണറായി വിജയൻ തന്നെയായിരുന്നു.  കെ.കെ ശൈലജ ടീച്ചറിനെപ്പോലുള്ള  ജനപിന്തുണയുള്ള നേതാക്കളെ മന്ത്രി സഭയിൽ നിന്നും തഴഞ്ഞു എന്ന ആരോപണം പോലും അധികനാൾ ഉയർന്നുവന്നില്ല. മന്ത്രിസഭയുടെ നൂറു ദിനങ്ങൾ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷത്തിമിർപ്പില്ലാതെ കടന്നുപോയെങ്കിലും നൂറാം ദിനത്തിൽ ജനോപകാരപ്രദമായ പുതിയ 181 പദ്ധതികൾ കൊണ്ടുവരുവാൻ അദ്ദേഹത്തിന് കഴിഞ്ഞു

ജലവിഭവവകുപ്പ് കൊണ്ടുവന്ന കെഎംമാണി ഊർജിത കാർഷിക ജലസേചന പദ്ധതി മുതൽ 12000.പുതിയ പട്ടയ വിതരണം,യുവസംരംഭകർക്കായുള്ള സഹകരണ സംഘങ്ങൾ, ജൈവ കൃഷി വ്യാപനം, പി.എസ്.സി വഴി പുതിയ തസ്തിക അനുവദിക്കൽ വരെയുള്ള സംരംഭങ്ങൾ ഏറെ ജനശ്രദ്ധ നേടി. മന്ത്രിസഭയിലെ ഏറ്റവും തിളങ്ങുന്ന താരമായി മുഖ്യമന്ത്രിയുടെ മരുമകൻ എന്ന വിശേഷണത്തിന് അപ്പുറം സ്വന്തം കഴിവും ഭരണ തന്ത്രജ്ഞതയും കൊണ്ട് ജനങ്ങൾക്കാകെ സ്വീകാര്യനായി മാറിയ മുഹമ്മദ് റിയാസും  വകുപ്പിന്റെ പരിമിതിക്ക് അപ്പുറത്തേക്ക് വളർന്ന റോഷി അഗസ്റ്റിനും, ആൻറണി രാജുവും, കെ രാജനും,  എം വി ഗോവിന്ദൻ മാസ്റ്ററും കന്നിക്കാരാണെന്ന തോന്നൽ പോലും ഒളവാക്കിയില്ല

മികച്ച ആദ്യത്തെ 10 പേരിൽ ഒന്നാമനായി മുഹമ്മദ് റിയാസ് വന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എല്ലാവരും ശരാശരിക്ക് അപ്പുറമുള്ള പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ അനവസരത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മുല്ലപ്പെരിയാറിലെ   മരംമുറി വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലായി എന്നുള്ളത് സത്യമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരായ ബെന്നിച്ചൻ  തോമസും, പികെ കേശവനും, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസും സർക്കാരിന് മേൽ മാധ്യമ വിചാരണക്ക് വഴിയൊരുക്കി. മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ തലയൂരിയെങ്കിലും ഉദ്യോഗസ്ഥരുടെ  അമിതോൽത്സാഹത്തിൻറെ ദുരൂഹത ഇനിയും നീങ്ങുവാനുണ്ട്

കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾക്ക് പലർക്കും രണ്ടാം ടേം നിഷേധിച്ചെങ്കിലും. മുഖ്യമന്ത്രിയുടെ ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അടക്കം പലർക്കും രണ്ടാം ടേം നൽകിയത് സി പി എമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പാർട്ടി സമ്മേളനത്തിൽ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. പല മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിൽ അനർഹർ പിൻവാതിലിലൂടെ കടന്നുവന്നത് മാധ്യമ ചർച്ചയ്ക്ക് ഇടയാക്കി. മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ ആർഎംപി ബന്ധമുള്ള മാധ്യമപ്രവർത്തകൻ വന്നതും സിപിഎം നേതൃത്വം ഇടപെട്ട് റദ്ദാക്കിയതും  . മന്ത്രി വി എൻ വാസവൻ പ്രൈവറ്റ് സെക്രട്ടറിയെ ഒഴിവാക്കിയതും വാർത്തയായി. നിയമസഭാ സമ്മേളനങ്ങൾ വിവിധ വിഷയങ്ങൾ കൊണ്ട് പ്രക്ഷുബ്ധമായെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുവാൻ പ്രതിപക്ഷത്തിന് കഴിയാതെപോയി

നിയമസഭയിലെ നവാഗതരുടെ പ്രകടനം എടുത്തു പറയത്തക്കതായി. അതിൽ ഏറ്റവും  ജനശ്രദ്ധനേടിയത് . സ്പീക്കറുടെ പാനലിൽ ഉണ്ടായിരുന്ന ചില പുതുമുഖങ്ങളുടെ പ്രകടനമാണ്. ആരും പ്രതീക്ഷിക്കാത്തത്ര ഔന്നത്യം പുലർത്തിയ ചങ്ങനാശ്ശേരിയുടെ എംഎൽഎ അഡ്വ.ജോബ് മൈക്കിളിന്റെ പ്രകടനം നിയമസഭയുടെ സവിശേഷ ശ്രദ്ധയാകർഷിച്ചു. കേരള കോൺഗ്രസ് എം ന്  ഏറെ പ്രതീക്ഷ നൽകുന്നതാണ് അദ്ദേഹത്തിന്റെ സഭയിലെ പെർഫോമൻസ്. 60 മാസത്തെ ഭരണത്തെ കേവലം ആറു മാസം കൊണ്ട് വിലയിരുത്തുക അസാധ്യമാണ് എങ്കിലും  പിണറായി സർക്കാർ ചിലതൊക്കെ ലക്ഷ്യംവെച്ച് തന്നെയാണ് മുന്നോട്ടുപോവുന്നതെന്ന്  അനുമാനിക്കാം

വലിയ വികസനപദ്ധതികൾക്ക്  കേരളം ആക്ഷൻ പ്ളാൻ ഒരുക്കിയിരിക്കുകയാണ്, അതിനിടെ കെ,റെയിൽ, കെ-ഫോൺ, ശബരിമല വിമാനത്താവളം, ജി എസ് ടി വിഹിതം, സഹകരണ നിയമ പരിഷ്കരണത്തിലൂടെ സംസ്ഥാന അധികാരത്തിൽ കൈകടത്തൽ എന്നിവിഷയങ്ങളിലൊക്കെ കേന്ദ്രവുമായി സന്ധിയില്ലാത്ത സമരത്തിന് കേരളംപോർമുഖം തുറന്നിരിക്കുകയാണ്. ദുർബലമായ പ്രതിപക്ഷത്തിന്റെ ഉൾപ്പാർട്ടി പ്രശ്നങ്ങളും ഗ്രൂപ്പ് പ്രശ്നങ്ങളും കടുത്ത പ്രതിസന്ധിയിൽ യുഡിഎഫിനെ നിലനിർത്തിയിരിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിവിശേഷമാണ് യുഡിഎഫിൽ ഉണ്ടായിരിക്കുന്നത്

ഹൈക്കമാൻഡ് കെട്ടി ഇറക്കിയ വിഡി സതീശനേയും കെ സുധാകരനേയും കോൺഗ്രസ് അണികൾ പോലും വിശ്വാസത്തിലെടുക്കാതെ വന്ന സാഹചര്യത്തിൽ രണ്ടാം പിണറായി വിജയൻ സർക്കാരിന് ചെറിയ വെല്ലുവിളി ഉയർത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുകയില്ല എന്നുള്ളത് വ്യക്തമാണ്. ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഈ സർക്കാരിനെ നോക്കിക്കാണുന്നത്. ജനങ്ങൾ നൽകിയ  മാൻഡേറ്റ് അമിതമായ വിജയാഹ്ലാദത്തിൽ  മതിമറക്കാതെ മുന്നോട്ടുപോയാൽ എൽഡിഎഫ് സർക്കാർ   തുടർച്ചയായ മൂന്നാം ടേമും വിജയിക്കുകതന്നെ ചെയ്യും

മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും കന്നിക്കാർ ആണെന്ന പോരായ്മ മറികടക്കുവാൻ എല്ലാ വകുപ്പിലും പിണറായിയുടെ  ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണം എളുപ്പം ഒഴിവാക്കുവാൻ ഇടയില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളുടെ യജമാനത്വം നടിക്കാതെ അവരെ സംരക്ഷിക്കുവാനും ചേർത്തു നിർത്തുവാനും പരിശ്രമിച്ചാൽ. രണ്ടാം പിണറായി സർക്കാർ ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും. ഏതായാലും ആറു മാസത്തെ മിഡ് ടേം പരീക്ഷയിൽ സർക്കാരിന് പത്തിൽ ഏഴ് മാർക്ക് നൽകാം. വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് വികസനത്തിലും ജനക്ഷേമത്തിലും സർക്കാർ ബദ്ധശ്രദ്ധരാകട്ടെ…..

Facebook Comments Box

By admin

Related Post