Kerala News

പൃഥിരാജിൻ്റെയും ദുൽഖറിൻ്റെയും ഓഫീസുകളിൽ ഇൻകംടാക്സ് പരിശോധന

Keralanewz.com

കൊച്ചി:സിനിമാ നിർമാണക്കമ്പനികളിൽ വീണ്ടും ആദായ നികുതി വകുപ്പിൻ്റെ പരിശോധന. പൃഥ്വിരാജ് (Prithviraj), ദുൽഖർ സൽമാൻ (Dulqar Salman), വിജയ് ബാബു (Vijay babu) എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആണ് ആദായനികുതി ടിഡിഎസ് (Income Tax TDS) വിഭാഗം പരിശോധന നടത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറ‌ർ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടാണ് ഇന്നത്തെ പരിശോധനയെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്

ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് സമാന പരിശോധന നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും രേഖകളിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്നാണ് അന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. രേഖകളുമായി നേരിട്ട് ഹാജരാകാൻ മൂവരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു.

താരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ ടിഡിഎസ് പിടിക്കുമെങ്കിലും നിർമാതാക്കൾ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. താരങ്ങളുടെ പ്രതിഫലം പലരും വിതരണാവകാശക്കരാറായി കാണിക്കുന്നുണ്ട്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു

Facebook Comments Box