International News

ഏത് രാജ്യത്താണ് ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ ഉള്ളത്? കുറവ് ന്യൂസിലന്‍ഡില്‍; പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന രാജ്യവുമുണ്ട്

Keralanewz.com

ലണ്ടന്‍: ഏത് രാജ്യത്താണ് ഏറ്റവും കൂടുതല്‍ ‘കുടിയന്മാര്‍’ ഉള്ളതെന്നറിയാമോ? ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഡ്രഗ്.

22 രാജ്യങ്ങളില്‍ നിന്നുള്ള 32,000ത്തിലധികം പേരെ സംഘടിപ്പിച്ച്‌ നടത്തിയ 2021 ലെ സര്‍വേ പ്രകാരം ഓസ്‌ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ളത്.

ഡെന്‍മാര്‍ക്ക് ആണ് തൊട്ടുപിന്നില്‍. യു കെയും കാനഡയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍

ന്യൂസീലാന്‍ഡിലുള്ളവരാണ് ഏറ്റവും കുറച്ച്‌ മദ്യപിച്ചത്.വര്‍ഷത്തില്‍ ശരാശരി 10 തവണ മാത്രമാണ് സര്‍വേയില്‍ പങ്കെടുത്ത ന്യൂസീലാന്‍ഡുകാര്‍ മദ്യപിച്ചത്.

ഓസ്‌ട്രേലിയക്കാരില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം ഇവര്‍ വര്‍ഷത്തില്‍ 26.7 തവണയെങ്കിലും മദ്യപിക്കുന്നു. ഇത് ആഗോള ശരാശരിയുടെ രണ്ടിരട്ടിയാണെന്നാണ് സര്‍വേയില്‍ പറയുന്നത്. 26.7 തവണയെന്നു പറയുമ്ബോള്‍ വളരെ കുറവല്ലേ എന്ന് ചിന്തിക്കാന്‍ വരട്ടെ സര്‍വേയില്‍ മദ്യപിച്ച അവസ്ഥയ്ക്ക് കൃത്യമായ നിര്‍വചനമുണ്ടായിരുന്നു. അതുപ്രകാരം കുടിച്ചു ബോധം നഷ്ടമായ അവസ്ഥയാണ് രേഖപ്പെടുത്തിയത്

ഓസ്‌ട്രേലിയക്കാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ അമിതമായി മദ്യപിക്കുന്നു. ഇവിടെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് മദ്യപിക്കുന്നതെന്നതും സര്‍വേയില്‍ കണ്ടെത്തി. ബീയറും വൈനുമാണ് അവരുടെ ഇഷ്ടമദ്യമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

കൊവിഡ് കാലത്ത് മിക്ക രാജ്യങ്ങളും മദ്യശാലകളെല്ലാം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിച്ച രണ്ടാം ഘട്ടത്തില്‍ മാത്രമാണ് ഓസ്‌ട്രേലിയയില്‍ മദ്യശാലകള്‍ അടച്ചത്. ഇക്കാരണത്താലാകാം ഏറ്റവുമധികം മദ്യപിച്ചവര്‍ ഈ രാജ്യത്തുനിന്നുള്ളവരായത്

Facebook Comments Box