Thu. Mar 28th, 2024

‘പന്നിമലർത്ത്‌’ തന്നെ പ്രധാന കളി, മറിയുന്നത് ലക്ഷങ്ങൾ; നടത്തിപ്പുകാരായ ഗുണ്ടകൾക്ക് ഓരോ ടേബിളിനും 5,000 മുതൽ 10,000 രൂപ വരെ; സിന്തറ്റിക് ലഹരി ഒഴുകുന്ന റേവ് പാർട്ടികൾ മാത്രമല്ല, ഗോവയിലെ ചൂതാട്ടവും കൊച്ചിയിലേക്ക്

By admin Dec 6, 2021 #news
Keralanewz.com

കൊച്ചി: സിന്തറ്റിക് ലഹരി ഒഴുകുന്ന റേവ് പാർട്ടികൾ മാത്രമല്ല, ഗോവയിലെ ചൂതാട്ടവും കൊച്ചിയിലേക്ക് എത്തിയിരിക്കുന്നു. വിദേശരാജ്യങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളിൽ നടക്കുന്ന ‘പോക്കർ ഗെയിം’ അടക്കമാണ് കൊച്ചിയിലെ ഫ്ളാറ്റുകളിൽ അരങ്ങേറുന്നത്. ലഹരിമരുന്ന് പാർട്ടിയിലേക്ക് എത്തുന്ന വമ്പൻമാരാണ് ചൂതാട്ടത്തിലും ഭാഗ്യം പരീക്ഷിക്കുന്നത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്.

വൈപ്പിൻ, തൃപ്പൂണിത്തുറ, പള്ളുരുത്തി, എറണാകുളം സിറ്റി എന്നിവിടങ്ങളിൽ വലിയ തോതിൽ ചൂതാട്ടം നടക്കുന്നുണ്ട്. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെയാണ് ഇതു നടത്തുന്നത്.

മുമ്പ് ചൂതാട്ടം നടക്കുന്നതിനെക്കുറിച്ച് വിവരം നൽകിയ തമ്മനം സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചിരുന്നു. പോലീസിന് നൽകിയ രഹസ്യവിവരം അവിടെനിന്ന് ഗുണ്ടകൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. പിന്നീട് പോലീസ്തന്നെ ഇയാൾക്കും കുടുംബത്തിനും കാവൽ നിൽക്കേണ്ട സ്ഥിതിയും വന്നു.

തൃപ്പൂണിത്തുറയിലെ ഒരു സ്പോർട്‌സ് ക്ലബ്ബിൽ ചൂതാട്ടം നടക്കാൻ തുടങ്ങിയിട്ട് നാളുകളായി. വമ്പൻമാർക്കു മാത്രം മെംബർഷിപ്പുള്ള ക്ലബ്ബിലാണിത് അരങ്ങേറുന്നത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലബ്ബ് നടത്തിപ്പുകാർ മെംബർഷിപ്പ് നൽകും. ഇതോടെ പോലീസിന്റെ കാവൽകൂടി ഇവിടത്തെ ചൂതാട്ടത്തിന് ലഭിക്കും.

‘പന്നിമലർത്ത് ’ തന്നെ മെയിൻ

രഹസ്യകേന്ദ്രങ്ങളിലും ക്ലബ്ബുകളിലും ചീട്ട് വെച്ചുള്ള കളികളും വ്യാപകമാണ് ‘പന്നിമലർത്ത്‌’ തന്നെ പ്രധാന കളി. ലക്ഷങ്ങളാണ് ഇവിടെ മറിയുന്നത്. നടത്തിപ്പുകാരായ ഗുണ്ടകൾക്ക് ഓരോ ടേബിളിനും 5,000 മുതൽ 10,000 രൂപ വരെയാണ് നൽകുന്നത്. സുരക്ഷയാണ് ഇവരുടെ വാഗ്ദാനം. മദ്യവും മയക്കുമരുന്നും ഇവർതന്നെ വിതരണം ചെയ്യും.

ലഹരിക്കൊപ്പം ചൂതാട്ടവുംപണം തീർന്നാലും സാരമില്ല

ചൂതാട്ടത്തിനിടെ പണം തീർന്നാലും അവസാനിപ്പിച്ച് മടങ്ങേണ്ട. സംഘാടകർതന്നെ പണം പലിശയ്ക്ക് നൽകും. തൊട്ടടുത്തദിവസം പണം പലിശചേർത്ത് തിരികെ തരുമെന്ന ഉറപ്പിന്മേലാണ് പണം നൽകുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നടക്കം കളികൾക്കായി ആളുകൾ എത്തുന്നുണ്ട്.

സിനിമയിലേതുപോലെ ചൂതാട്ടം

കൊച്ചി: സിനിമയിൽമാത്രം കണ്ടുപരിചയമുള്ള ‘പോക്കർ ഗെയിം’ മോഡൽ ചൂതാട്ടകേന്ദ്രമായിരുന്നു കൊച്ചിയിലെ ഫ്ളാറ്റിൽ പോലീസ് കണ്ടെത്തിയത്. പണം മുൻകൂറായി വാങ്ങിയാണ് ചൂതാട്ടത്തിൽ പങ്കെടുപ്പിച്ചിരുന്നത്. 5000 മുതൽ 10000 രൂപവരെ ഫീസ് നൽകി ടോക്കൺ എടുത്തുവേണം പ്രവേശിക്കാൻ.

ബാറിലേതുപോലെ ഇവിടെ മദ്യം വിളമ്പിയതായും കണ്ടെത്തിയിട്ടുണ്ട്. പൂർണമായി ശീതീകരിച്ച ഫ്ലാറ്റ് 60,000 രൂപയ്ക്ക് വാടകയ്ക്കെടുത്ത് അത്യാഡംബര സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചിരുന്നത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ മറവിലായിരുന്നു ചൂതാട്ടം. ഇതിലുൾപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യും. ചൂതാട്ടസാമഗ്രികൾ എങ്ങനെ കൊച്ചിയിൽ എത്തിച്ചെന്നും അന്വേഷണമുണ്ടാകും.

Facebook Comments Box

By admin

Related Post