Fri. Mar 29th, 2024

പലരും കുഴഞ്ഞു വീഴുന്നു, മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപോര്‍ട്; പൊലീസുകാര്‍ക്ക് ദീര്‍ഘ നേരം തുടര്‍ച്ചയായി ഡ്യൂടി നല്‍കരുതെന്ന് ഡിജിപിയുടെ സര്‍കുലര്‍

By admin Dec 8, 2021 #police
Keralanewz.com

തിരുവനന്തപുരം: ( 08.12.2021) പൊലീസുകാര്‍ക്ക് ദീര്‍ഘ നേരം തുടര്‍ച്ചയായി ഡ്യൂടി നല്‍കരുതെന്ന് ഡി ജി പിയുടെ സര്‍കുലര്‍.

ജോലിക്കിടെ പൊലീസുകാര്‍ പല സ്ഥലത്തും കുഴഞ്ഞ് വീണതായും തുടര്‍ച്ചയായ ജോലി പൊലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും ഉദ്യോഗസ്ഥര്‍ റിപോര്‍ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍കുലര്‍.
എന്നാല്‍ ഇവരടെ ജോലി സമയം കുറച്ചാലുള്ള പകരം സംവിധാനം സര്‍കുലറില്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് സ്റ്റേഷനുകളില്‍ എട്ട് മണിക്കൂര്‍ ജോലി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശരാശരി ജോലി സമയം 12 മണിക്കൂറിലേറെയാണെന്നാണ് വിവരം.

കേരളത്തിലെ 482 പൊലീസ് സ്റ്റേഷനുകളിലായി സ്റ്റേഷന്‍ ഹൗസ് ഓഫിസെര്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ 21,428 പേര്‍ ജോലി ചെയ്യുന്നു. ഒരു സ്റ്റേഷനിലെ ശരാശരി പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 45 ആണ്. 19 പേരുള്ള തിരുവനന്തപുരം റൂറലിലെ അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ മുതല്‍ 166 പേരുള്ള കൊച്ചി സിറ്റി സെന്‍ട്രല്‍ സ്റ്റേഷന്‍ വരെ കൂട്ടത്തിലുണ്ട്.

സ്റ്റേഷനുകളിലെ അംഗസംഖ്യ വര്‍ധിപ്പിക്കാതെ ഇത്തരം സര്‍കുലര്‍ കൊണ്ട് പ്രയോജനമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പകുതിയിലേറെ പൊലീസ് സ്റ്റേഷനുകളിലും അംഗസംഖ്യ 35 ല്‍ താഴെയാണ്. സാധാരണ ദിവസം ശരാശരി 12 മണിക്കൂറും അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ സമയവും ജോലി ചെയ്യുന്നു.

അതേസമയം, മറ്റു സര്‍കാര്‍ ജീവനക്കാരുടെ ശരാശരി പ്രവൃത്തി സമയം ഏഴ് മണിക്കൂറാണ്. അതിനാല്‍ തുടര്‍ച്ചയായ ജോലി ഒഴിവാക്കണമെങ്കില്‍ സര്‍കുലറിന് പകരം അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ നടപടിയാണ് വേണ്ടതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസ് സംഘടനകള്‍ കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയും ഉദ്യോഗസ്ഥര്‍ക്കുണ്ട്.

Facebook Comments Box

By admin

Related Post