കൊച്ചി: രാജാക്കന്മാരാണ് തങ്ങളെന്ന തോന്നലില്‍നിന്ന് പൊലീസ് മാറേണ്ട സമയം അതിക്രമിച്ചെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്. കൊളോണിയല്‍ കാലത്തെ മനോഭാവമാണ് പലര്‍ക്കും. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് തെറ്റ് ചെയ്യുന്നതെങ്കിലും പഴി കേള്‍ക്കേണ്ടിവരുന്നത് പൊലീസ് സേന ഒന്നാകെയാണ്.
പരമാധികാര റിപ്പബ്ലിക് എന്നു പറയുന്ന നമ്മുടെ രാജ്യത്ത് പൗരന്മാരാണ് രാജാവ്. പൊലീസുകാരും ജുഡീഷ്യല്‍ ഒാഫിസര്മാരുമൊക്കെ അവരുടെ സേവകരാണെന്ന് ഒാര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച ഒാണ്‍ലൈന്‍ പ്രഭാഷണ പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നീതിപൂര്‍വം, നിയമാനുസരണം, നമ്മുടെ പൊലീസ്’ പ്രഭാഷണപരമ്ബര കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. പൊലീസിനെതിരെ കോടതികള്‍ സ്വീകരിക്കുന്ന നടപടികള്‍ സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന വാദം ശരിയല്ല. തെറ്റുചെയ്യുന്ന പൊലീസുകാരെ മാറ്റിനിര്‍ത്തുകയാണ് വേണ്ടത്.
പൊലീസ് ജനങ്ങളുമായി അടുത്തുനില്ക്കുന്നതുകൊണ്ടാണ് പരാതികളും ഏറുന്നതെന്ന് മനസ്സിലാക്കണം. മോശം ഭാഷ ഉപയോഗിക്കുന്നതടക്കമുള്ള പരാതികള്‍ അടുത്തിടെ വന്നിരുന്നു. ഇത്തരം പരാതികള്‍ ഒരു പൗരനെന്ന നിലയിലാണ് പരിഗണിക്കുന്നത്. പൊലീസ് ജനങ്ങളോട് മാന്യമായി സംസാരിക്കണമെന്നത് കോടതി ഉത്തരവിലൂടെയല്ല, പൊലീസ് സ്വയം നടപ്പാക്കേണ്ട കാര്യമാണ്.