National News

ഹെലികോപ്റ്റ‍ര്‍ ദുരന്തം; 13 പേർ മരിച്ചതായി സ്ഥിരീകരണം

Keralanewz.com

ന്യൂഡൽഹി: തമിഴ്നാട്ടിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപെട്ട സംഭവത്തിൽ 14 പേരിൽ 13 പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലൂടെ മരണപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു

കോയമ്പത്തൂരിന് സമീപം സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലേക്ക് പോയ സൈനിക ഹെലികോപ്റ്ററാണ് തകർന്ന് വീണത്. ഹെലികോപ്റ്ററിൽ 14 പേരാണ് സഞ്ചരിച്ചിരുന്നത്

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഊട്ടി നീലഗിരിയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. വ്യോമസേനയുടെ എംഎം 17വി 5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. രാജ്യത്തെ സംയുക്ത സേനാധിപൻ ബിപിൻ റാവത്തും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും ഹെലികോപ്റ്ററിലുണ്ടായിരുന്നു

കോയമ്പത്തൂരിലെ സുലൂർ വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും ഉച്ചക്ക് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ലാന്റിങിന് പത്ത് കിലോമീറ്റർ അകലെവെച്ചാണ് അപകടത്തിൽ പെട്ടത്. ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കായിരുന്നു സംയുക്ത സൈനിക മേധാവിയുടേയും സംഘത്തിന്റേയും യാത്ര. തകർന്നു വീണയുടൻ ഹെലികോപ്റ്ററിന് തീപിടിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു

സൈനിക പ്രോട്ടോക്കോൾ പ്രകാരം പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് അപകട വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകട വിവരം അറിഞ്ഞയുടൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി


ബ്രിഗേഡിയർ എൽ എസ് ലിഡർ, ലെഫ്റ്റനൻ്റ് കേണൽ ഹർജിന്ദർ സിങ്, നായിക്മാരായ ഗുരുസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ബപിൻ റാവത്തിനും ഭാര്യ മധുമിതയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. വെല്ലിങ്ടൺ സ്റ്റാഫ് കോളേജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു യാത്ര

Facebook Comments Box