Mon. Apr 29th, 2024

പഞ്ചായത്ത് മെമ്പർക്കെതിരെ നവമാധ്യമങ്ങൾ വഴി അസത്യം പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത അതിരമ്പുഴയിലെ കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ പരസ്യമായി ക്ഷമാപണം നടത്തി, വീഡിയോ പുറത്തുവിട്ടു

By admin Dec 11, 2021
Keralanewz.com

. കോട്ടയം:കേരള കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ജോഷി ഇലഞ്ഞിയിലിനെതിരെ വ്യക്തിഹത്യയും അധിക്ഷേപവും നിറഞ്ഞ പോസ്റ്റുകൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച അതിരമ്പുഴ യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവ് ജസ്റ്റിൻ ദേവസ്യ, ജോസഫ് വിഭാഗം കെറ്റിയുസി നേതാവ് ബെന്നി കാട്ടുപ്പാറ, എന്നിവർ നിരുപാധികം മാപ്പ് പറഞ്ഞ് ക്ഷമ ചോദിച്ചു. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ അവർ നവ മാധ്യമങ്ങളിൽ കൂടി പുറത്തുവിടുകയും ചെയ്തു

കഴിഞ്ഞ നവംബർ അഞ്ചാം തിയ്യതി അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ കൂടിയും ഇവരുടെ വ്യക്തിപരമായ ഫേസ്ബുക്ക് പോസ്റ്റ് വഴിയും ജോഷി ഇലഞ്ഞിയിലിനെതിരെ വ്യക്തിഹത്യയും അധിക്ഷേപവും നിറഞ്ഞ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ജോഷി ഇലഞ്ഞിയിൽ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.തുടർന്ന് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കൾ ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസ്റ്റിൻ ദേവസ്യയെ കൊണ്ടും ജോസഫ് വിഭാഗം നേതാവായ ബെന്നിയെ കൊണ്ടും പരസ്യമായി മാപ്പു പറയിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറായത്.

നവമാധ്യമങ്ങളിലൂടെ പരസ്യമായ ക്ഷമാപണം നടത്തിയതിനെ തുടർന്ന് ഇവർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം പ്രസിഡൻറും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ജോഷി ഇലഞ്ഞിയിൽ തീരുമാനിക്കുകയായിരുന്നു. വ്യക്തിഹത്യയും ദുരാരോപണവും സാമൂഹിക പ്രവർത്തകർക്ക് യോജിക്കുന്ന നടപടിയല്ലെന്നും മാപ്പ് പറയുവാനും തങ്ങളുടെ തെറ്റ് തിരിച്ചറിയുവാനും തയ്യാറായതുകൊണ്ട് നിയമ നടപടിക്രമങ്ങളിൽ നിന്നും പിന്മാറി അവർക്ക് മാപ്പ് കൊടുക്കുവാൻ തീരുമാനിച്ചതായും ജോഷി അറിയിച്ചു. ഇത് സംബന്ധിച്ച ജോഷി ഇലഞ്ഞിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു. “കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും എനിക്കെതിരെ വ്യാജമായ, അപകീർത്തികരമായട്ടുള്ള വാർത്ത പ്രചരിപ്പിക്കുകയുണ്ടായി. ആ പോസ്റ്റിൽ മേൽ കോൺഗ്രസ് പാർട്ടിയുടെയും കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയുടെയും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എനിക്കെതിരെ വ്യക്തിപരമായി മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മേൽ കോട്ടയം എസ് പി ക്കും, സൈബർ സെല്ലിനും ഞാൻ പരാതി നൽകിയിരുന്നു.

കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി ഞാനുമായി ബന്ധപ്പെടുകയും, തികച്ചും തെറ്റായ വാർത്തയാണ് എന്നും അതിന്മേൽ ഖേദപ്രകടനം നടത്തുന്നു എന്നും വ്യക്തിപരമായി എന്നെ അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ അപക്വമായ സമീപനമാണ് ഇത്തരത്തിലുള്ള വ്യാജമായ വാർത്തയിലേക്കും, അപകീർത്തികരമായ പരാമർശങ്ങളിലേക്കും നയിച്ചതും എന്നും അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിക്കുകയുണ്ടായി.

ശ്രീ ജസ്റ്റിൻ ദേവസ്യ എന്ന അതിരമ്പുഴ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ, താനാണ് ഈ വ്യാജവാർത്ത കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത് എന്ന് സമ്മതിക്കുകയുണ്ടായി. ആ പോസ്റ്റിൽ മേൽ മോശം വാക്കുകളും, അധിക്ഷേപങ്ങളും നടത്തിയതായി കേരള കോൺഗ്രസ് (ജോസഫ്) കെ ടി യു സി മണ്ഡലം പ്രസിഡണ്ട് ശ്രീ ബെന്നി കാട്ടുപ്പാറയും അംഗീകരിച്ചിരുന്നു.

എന്നാൽ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത് വ്യാജ വാർത്തയാണെന്നും, അതിന്മേൽ മോശം വാക്കുകളും അധിക്ഷേപങ്ങളും ഉപയോഗിച്ചതും തെറ്റായിപ്പോയെന്നും പൊതു ജനങ്ങളെ അറിയിക്കണം എന്നും ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. ആയതിന്മേൽ ഈ വിഷയത്തിൽ ഖേദപ്രകടനം നടത്തി അവർ ഒരു വീഡിയോ ചെയ്തു എനിക്ക് പങ്കുവെച്ചിരുന്നു. അത് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ഇങ്ങനെ ഒരു വീഡിയോ അവരിൽനിന്ന് ലഭിച്ചതിൽ എന്നിൽ അതിയായ സന്തോഷം ഉളവാകുന്നില്ല. ആരെയും തോൽപിച്ചു എന്ന വികാരവും ഇല്ല. എന്നെ രാഷ്ട്രീയപരമായും വ്യക്തിപരമായും തേജോവധം ചെയ്യുവാൻ ശ്രമിച്ചത് പരാജയപ്പെട്ടതിന്മേലുള്ള വിജയമായും കാണുവാൻ ഞാനാഗ്രഹിക്കുന്നില്ല. പകരം എന്നിൽ നിന്ന് സംഭവിക്കാത്ത ഒരു കാര്യത്തിൽ മേൽ എനിക്കെതിരായി കുപ്രചാരണങ്ങളും, വ്യാജപ്രചരണങ്ങളും, അധിക്ഷേപങ്ങളും നടത്തിയപ്പോൾ എന്റെ മനസ്സിന് മുറിവേറ്റിരുന്നു. ഖേദ പ്രകടനത്തിലൂടെ എന്റെ മനസ്സിന് ഏറ്റ മുറിവിന്, എനിക്ക് മാനസികമായി ഉണ്ടായ വിഷമത്തിന് കുറച്ചെങ്കിലും ആശ്വാസം നൽകുന്നതായി മാത്രം ഞാൻ ഇതിനെ കാണുന്നു.

അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും പുറത്തു വന്ന ഒരു വ്യാജപ്രചരണം ഞാൻ ജനങ്ങൾക്കെതിരെ, അവരുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്നുള്ളതായിരുന്നു, അതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചതും.

എന്റെ രാഷ്ട്രീയമെന്നും ചേർന്ന് നിന്നിട്ടുള്ളത് അതിരംപുഴയിലെ സാധാരണക്കാരായ ജനങ്ങളോട് ആണ്. എന്നെ എന്റെ ബാങ്ക് ഇലക്ഷനുകളിലും പഞ്ചായത്ത് ഇലക്ഷനുകളിലും എല്ലാം എന്നെ ചേർത്തുനിർത്തിയതും വിജയിപ്പിച്ചതും അതിരമ്പുഴയിലെ ഓരോ ജനാധിപത്യവിശ്വാസികളും ആണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും നിങ്ങളോടൊപ്പം ചേർന്നു നിൽക്കുവാനും, പ്രവർത്തിക്കുവാനും ഇന്നേവരെ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കുറവുണ്ടായാൽ ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്, അതനുസരിച്ച് ഞാൻ തിരുത്തിയിട്ടുണ്ട്. കാരണം ജനങ്ങളാണ് യഥാർത്ഥ ‘ജനാധിപത്യം’. ഓരോ പൊതുപ്രവർത്തകനും ഈ ജനങ്ങളുടെ സംരക്ഷകരും, അവർക്കുവേണ്ടി പ്രവർത്തിക്കുന്നവരും ആണ്. അതിനാണ് അവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും. ഇത്തരത്തിലുള്ള രാഷ്ട്രീയ ബോധ്യത്തിൽ ഉറച്ച് വിശ്വസിച്ചു പ്രവർത്തിക്കുന്ന, അതിനുവേണ്ടി ആഗ്രഹിക്കുന്ന പൊതുപ്രവർത്തകൻ ആണ് ഞാൻ.

രാഷ്ട്രീയപരമായി എന്റെ പ്രത്യയശാസ്ത്രത്തോട് ചേർന്നു നിൽക്കുവാൻ സാധിക്കാത്ത ആളുകളും- പ്രസ്ഥാനങ്ങളും ഉണ്ടാവാം. അതിനെ രാഷ്ട്രീയപരമായി നേരിടുവാൻ ഞാൻ തയ്യാറുമാണ്. പക്ഷേ കേവലം രാഷ്ട്രീയ വിജയത്തിന് മറ്റൊരാളെ തേജോവധം ചെയ്തും വ്യക്തിഹത്യ നടത്തുന്നതുമാണ് വഴി എങ്കിൽ ആ രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും, തെറിവിളികളും, വ്യാജപ്രചരണങ്ങളും, അപകീർത്തികരമായ പരാമർശങ്ങളും രാഷ്ട്രീയ ആയുധമാക്കാകാതെ, രാഷ്ട്രീയപരമായി ഉള്ള വിഷയങ്ങളിൽ നമുക്ക് സമ്മതിക്കാം. അതിൽ നമുക്ക് സമരങ്ങൾ ചെയ്യാം, അതിന്മേൽ നമുക്ക് വിയോജിക്കാം.

ഇനിയെങ്കിലും എന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് യോജിക്കാത്ത ആളുകളുടെ ‘വ്യക്തിഹത്യയിൽ ഊന്നിയ കുറുക്കുവഴി’ രാഷ്ട്രീയം മാറട്ടെ!”

Facebook Comments Box

By admin

Related Post