National News

വിവാഹത്തിന് വേദിയിലേക്ക് പറന്നിറങ്ങണമെന്ന് ദമ്ബതികള്‍; ഒടുവില്‍ കയര്‍ പൊട്ടി താഴേക്ക്; വീഡിയോ വൈറല്‍

Keralanewz.com

റായ്പൂര്‍: സ്വന്തം വിവാഹത്തില്‍ എന്തെങ്കിലുമൊക്കെ പുതുമകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പുതു തലമുറ.

ഇതിനായി വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളാണ് ഇവര്‍ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. കുടുംബക്കാര്‍ക്ക് പുറമെ ഇവന്റ് മാനേജ്‌മെന്റ് കമ്ബനികളും ചടങ്ങുകള്‍ ഗംഭീരമാക്കുന്നതിനായി വധൂവരന്മാര്‍ക്ക് ആശയങ്ങള്‍ നല്‍കാറുണ്ട്. ചടങ്ങിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വ്യത്യസ്തത കൊണ്ടുവരാന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്ബനികളും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വ്യത്യസ്തത തേടി പോയി ഒടുക്കം അത് വലിയ അബദ്ധത്തില്‍ കലാശിച്ച ദമ്ബതികളുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഛത്തീസ്ഗഡിലെ റായ്പൂരിലെ ദമ്ബതികള്‍ക്കാണ് ഈ അബദ്ധം സംഭവിച്ചത്. വേദിയിലേക്ക് കയറി വരാനായി പ്രത്യേകമായി ഊഞ്ഞാല്‍ ഇവര്‍ക്കായി തയ്യാറാക്കിയിരുന്നു. വേദിയുടെ മുകളില്‍ നിന്നും താഴേക്ക് പതിയെ ഇറങ്ങുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരുന്നത്. വേദിയിലും കരിമരുന്ന് പ്രയോഗങ്ങളും, നര്‍ത്തകരേയുമെല്ലാം സജ്ജീകരിച്ചിരുന്നു. ഓവല്‍ ആകൃതിയിലുള്ള ഊഞ്ഞാലിലാണ് ദമ്ബതികള്‍ താഴേക്ക് ഇറങ്ങി വന്നിരുന്നത്. എന്നാല്‍ ഇതിനിടെ ഊഞ്ഞാലിന്റെ ഒരു വള്ളി പൊട്ടുകയും ദമ്ബതികള്‍ താഴേക്ക് വീഴുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതോടെ അതിഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

12 അടി ഉയരത്തില്‍ നിന്നാണ് ദമ്ബതികള്‍ താഴേക്ക് വീഴുന്നത്. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമേ ഏറ്റിട്ടുള്ളു എന്നാണ് പ്രാഥമിക വിവരം. ദമ്ബതികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി 30 മിനിട്ടിന് ശേഷം വിവാഹചടങ്ങുകള്‍ പുന:രാരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവന്റ് മാനേജ്മെന്റ് കമ്ബനി ഏറ്റെടുത്തിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്

Facebook Comments Box