Fri. Apr 26th, 2024

നൂറ് പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം രൂപ വിലവരുന്ന ഒരു കാറും കിട്ടി; എന്നിട്ടും ആർത്തി തീർന്നില്ല; കാറ് ഇഷ്ടപെടാത്തതിൻ്റെ പേരിൽ ഉപദ്രവം തുടങ്ങി; ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേൽ കൈതോട് സ്വദേശിനി വിസ്മയക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനം

By admin Jun 21, 2021 #news
Keralanewz.com

കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയക്ക് സ്ത്രീധനമായി നല്‍കിയത് 100 പവന്‍ സ്വര്‍ണവും ഒരേക്കര്‍ 20 സെന്റ് സ്ഥലവും 10 ലക്ഷത്തിന്റെ കാറുമാണെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഈ കാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവ് കിരണ്‍കുമാര്‍ വിസ്മയയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതെന്ന് യുവതിയുടെ പിതാവ് പറയുന്നു. 

കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ് വി വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ് കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി വിസ്മയയുടെ വീട്ടില്‍ ചെന്നതെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. 

എന്നാല്‍ പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കി. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച് പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു. 

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടപ്പോഴാണ് കാര്യങ്ങള്‍ വീട്ടുകാരെ അറിയിച്ചത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരമര്‍ദ്ദനങ്ങള്‍ വാട്‌സ്ആപ്പിലൂടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീട്ടുകാര്‍ക്ക് കൈമാറിയിരുന്നു. ഈ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ പുറത്തുവിട്ടു. 

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും പിതാവ് ത്രിവിക്രമന്‍ നായര്‍ ആരോപിച്ചു. ഇന്നു (തിങ്കളാഴ്ച) പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൂരനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കുകയും, റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. 
 

Facebook Comments Box

By admin

Related Post