Kerala News

കേരള കോണ്‍ഗ്രസ് (ബി ) പിളര്‍ന്നു ; ഗണേശിന്റെ സഹോദരി ഉഷ സംസ്ഥാന അദ്ധ്യക്ഷ

Keralanewz.com

കൊച്ചി: ആര്‍. ബാലകൃഷ്ണപിള്ള രൂപീകരിച്ച കേരള കോണ്‍ഗ്രസ് (ബി) അദ്ധ്യക്ഷയായി പിള്ളയുടെ മകളും കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ സഹോദരിയുമായ ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു.

14ല്‍ എട്ട് ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്ത് കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പത്ത് ജില്ലാ കമ്മിറ്റികള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും124 അംഗ സംസ്ഥാന കമ്മിറ്റിയിലെ 78 പേരും യോഗത്തില്‍ പങ്കെടുത്തെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.

ഏകാധിപതിയെ പോലെയാണ് ഗണേശ് പ്രവര്‍ത്തിക്കുന്നതെന്ന് ഉഷ കുറ്റപ്പെടുത്തി. ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമ്ബോള്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടപ്പാക്കാനാവില്ല. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സഹകരിച്ചാണ് പോകേണ്ടതെന്നും ഉഷ പറഞ്ഞു.

ഗണേശ് കുമാര്‍ ധിക്കാരപരമായി പെരുമാറുന്നതായി പാര്‍ട്ടി അംഗങ്ങള്‍ക്ക് പൊതുവേയുള്ള പരാതിയാണ്. അംഗങ്ങളുടെ നിര്‍ബന്ധം കൊണ്ടാണ് താന്‍ മുന്നോട്ടു വന്നത്. യോഗതീരുമാനങ്ങള്‍ രേഖാമൂലം ഇടതുമുന്നണിയെ അറിയിക്കും. ഗണേശ് കുമാര്‍ പാര്‍ട്ടി എം.എല്‍.എയായി തുടരും. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ പുറത്താക്കുന്നതുള്‍പ്പെടെ ആലോചിക്കുമെന്നും വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.വി. മാണി പറഞ്ഞു.

ബാലകൃഷ്ണപിള്ളയുടെ മരണശേഷം ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള യോഗം ചേരാന്‍ സാധിച്ചിരുന്നില്ല. സംസ്ഥാന സമിതി വിളിക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് കുമാര്‍ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗണേശിനോട് എതിര്‍പ്പുള്ളവര്‍ ഇന്നലെ യോഗം വിളിച്ചത്

Facebook Comments Box