ഒമൈക്രോണിന് ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി; കര്‍ശന നടപടി വേണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഒമൈക്രോണ്‍ എന്നു കേന്ദ്രസര്‍ക്കാര്‍.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കത്തില്‍ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ഡേറ്റ വിശകലനത്തിനുള്ള ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാനങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജമാക്കണം. കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ, ആള്‍ക്കൂട്ടനിയന്ത്രണം തുടങ്ങിയ നടപടികള്‍ സ്വീകരിക്കാമെന്നും കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കില്‍ ഐസിയു കിടക്കകളില്‍ 40 ശതമാനത്തില്‍ അധികം രോഗികള്‍ ഉള്ള സ്ഥലങ്ങളിലും കര്‍ശനനിയന്ത്രണം വേണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കണമെന്നും കത്തില്‍ പറയുന്നു
ഇതുവരെ 200 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചത്. 54 പേര്‍ക്ക് വീതം. തെലങ്കാനയില്‍ 20 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോള്‍ കര്‍ണാടകയില്‍ 19 പേര്‍ക്കും രാജസ്ഥാനില്‍ 18 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്. കേരളത്തില്‍ 15 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്ത് 14, ഉത്തര്‍പ്രദേശ് രണ്ട് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ വ്യാപിച്ചതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ പാര്‍ട്ടികളോ ബഹുജന സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യവിദഗ്ധരുടെ ശുപാര്‍ശ പ്രകാരം നഗരങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടംകൂടുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുംബൈയില്‍, 200ലധികം ആളുകള്‍ ഒത്തുചേരുന്നതിന് മുന്‍സിപ്പല്‍ കമ്മീഷണര്‍മാരുടെ അനുമതി ആവശ്യമാണെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഒമൈക്രോണ്‍ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ രാജ്യസഭയെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമൈക്രോണ്‍ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പു വരുത്തിയിട്ടുണ്ട്. 44 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് വളരെ വേഗത്തിലാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു