Tue. May 7th, 2024

മാര്‍ക്കറ്റ്‌ റിവ്യു : അവധിക്കച്ചവടക്കാര്‍ വില കുത്തനെ കുറച്ചു; റബര്‍ കര്‍ഷകര്‍ ആശങ്കയില്‍

By admin Dec 27, 2021 #market review #rubber
Keralanewz.com

ആഗോളതലത്തില്‍ റബ്ബറിന്‌ വില കുറയ്‌ക്കാന്‍ അവധിക്കച്ചവടക്കാര്‍ നടത്തുന്ന ശ്രമം തുടരുകയാണ്‌. ചൈനയിലെ ഷാങ്‌ഹായ്‌ എക്‌സ്ചേഞ്ച്‌ ടോക്കിയോ മാര്‍ക്കറ്റിലെ ജാപ്പനീസ്‌ എക്‌സ്ചേഞ്ചുകളിലെ അവധി കച്ചവടക്കാരാണ്‌ രാജ്യത്തെ റബര്‍ കര്‍ഷകര്‍ക്ക്‌ വില്ലന്‍മാരായത്‌.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വില തകര്‍ച്ചയാണ്‌ കര്‍ഷകര്‍ക്ക്‌ കഴിഞ്ഞ വാരം നേരിടേണ്ടിവന്നത്‌. ആര്‍എസ്‌എസ്‌ നാല്‌ കിലോയ്‌ക്ക്‌ 9 രൂപയാണ്‌ വില തകര്‍ച്ച. റബര്‍ വില വീണ്ടും ഇടിയുമെന്ന്‌ കഴിഞ്ഞതിന്റെ തലേ വാരാന്ത്യം അവലോകനത്തില്‍ മംഗളം സൂചന നല്‍കിയിരുന്നു. 175 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയ ആര്‍എസ്‌എസ്‌ നാല്‌ 173 രൂപയായി വില കുറച്ചാണ്‌ ടയര്‍ കമ്ബനികള്‍ക്ക്‌ കര്‍ഷകര്‍ വിറ്റത്‌. കഴിഞ്ഞ വാരാന്ത്യം 166 രൂപയായി വില കുറഞ്ഞിട്ടും ടയര്‍ കമ്ബനികള്‍ 163 രൂപയിലാണ്‌ ആവശ്യപ്പെട്ടിരുന്നത്‌.
ഇതിനു പ്രധാന കാരണം അവധി കച്ചവടക്കാരാണ്‌.
തയ്യാര്‍ നിരക്കില്‍ 175 ല്‍ നിന്ന്‌ 166 രൂപയായി ടയര്‍ കമ്ബനികള്‍ വാങ്ങി കൊണ്ടിരിക്കെ അവധിക്കച്ചവടക്കാര്‍ അവധി വില 163 ആയി കുറച്ചു. ഇത്‌ വരും ദിവസങ്ങളില്‍ റബര്‍ വില ഇടിയുമെന്നാണ്‌ സൂചന.
തറ വിലയായ 170 ല്‍ നിന്ന്‌ വില ഇടിഞ്ഞുകൊണ്ടിരിക്കെ കര്‍ഷകര്‍ ആശങ്കയിലാണ്‌. ഇടനിലക്കാരും, കര്‍ഷകരും ഉള്ളതെല്ലാം വിറ്റ്‌ തീര്‍ക്കുകയാണ്‌. അവധി വില ചൈന 150 ല്‍ നിന്ന്‌ 148, ടോക്കിയോ 147 ല്‍ നിന്ന്‌ 142, തയ്യാര്‍ നിരക്കില്‍ ബാങ്കോക്ക്‌ 147 ല്‍ നിന്ന്‌ 141 രൂപയായും വിലകുറച്ചു.
രാജ്യാന്തര വില ഇടിഞ്ഞത്‌ പൊക്കി പിടിച്ചാണ്‌ അവധിക്കച്ചവടക്കാര്‍ ആഭ്യന്തരവില തകര്‍ത്തത്‌. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആര്‍എസ്‌എസ്‌ നാല്‌ കിലോയ്‌ക്ക്‌ 27 രൂപയാണ്‌ വില ഇടിഞ്ഞത്‌. കര്‍ഷകര്‍ക്ക്‌ വലിയ സാമ്ബത്തിക നഷ്‌ടമാണ്‌ വരുത്തിയത്‌. ടയര്‍ കമ്ബനികള്‍ക്ക്‌ കിട്ടിയത്‌ കോടികളുടെ ലാഭവും. റബറിന്‌ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഉണ്ടായ വിലയിടിവ്‌ ടയര്‍ വ്യാപാരത്തെ ബാധിച്ചിട്ടില്ല. ചെറുതും വലുതുമായ ടയറുകള്‍ക്ക്‌ വില കുറഞ്ഞിട്ടില്ല എന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. മഴ മാറിയതോടെ ചെറിയ തണുപ്പും, ചൂട്‌ കുറഞ്ഞതും റബര്‍ ഉല്‍പാദനം ഉഷാറായി. വില്‍പ്പനയ്‌ക്ക്‌ കഴിഞ്ഞ വാരം റബ്ബര്‍ വരവ്‌ കൂടി. ടയര്‍ കമ്ബനികള്‍ക്ക്‌ വിതരണം ചെയ്യുന്നവര്‍ 1200 ടണ്‍ റബര്‍ വാങ്ങി. ചെറുകിട ടയര്‍ കമ്ബനികള്‍ക്കായി 800 ടണ്‍ റബ്ബറിന്റെ വ്യാപാരം നടന്നു. വാരാന്ത്യവില ആര്‍എസ്‌എസ്‌ നാല്‌ ക്വിന്റലിന്‌ 16,600, റബ്ബര്‍ തരം തിരിക്കാത്തത്‌ 16300 രൂപ.

ഡിമാന്‍ഡ്‌ കൂട്ടി കറുത്തപൊന്ന്‌

കഴിഞ്ഞവാരം ക്വിന്റലിന്‌ 300 രൂപയാണ്‌ (കിലോയ്‌ക്ക്‌ മൂന്നു രൂപ) വില കൂടിയത്‌. തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റില്‍ കുരുമുളക്‌ കൂടി ഉള്‍പ്പെടുത്തിയതോടെ ആണ്‌ വില കൂടിയത്‌.
തമിഴ്‌നാട്ടില്‍നിന്ന്‌ കുരുമുളകിന്‌ ഡിമാന്‍ഡ്‌ കൂടിവരികയാണ്‌. ഇതിനിടയില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്‌തര്‍ പത്തനംതിട്ടയിലും, ഇടുക്കിയിലും നിന്നുമായി കുരുമുളക്‌ വാങ്ങാന്‍ തുടങ്ങിയതും വില ഉയരാന്‍ ഇടയാക്കി.
കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കഴിഞ്ഞവാരം വില്‌പനയ്‌ക്ക്‌ കുരുമുളകിന്റെ വരവ്‌ റെക്കോര്‍ഡിലെത്തി. 234 ടണ്‍ കുരുമുളകാണ്‌ വില്‍പ്പനയ്‌ക്കെത്തിയത്‌. കുരുമുളകിന്‌ കയറ്റുമതി ഡിമാന്‍ഡ്‌ ഇല്ല. രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ നമ്മുടെ കയറ്റുമതിക്കാര്‍ നിരക്ക്‌ ഉയര്‍ത്തി. ഇന്ത്യ ഒരുടണ്‍ കുരുമുളകിന്‌ 6950 ല്‍ നിന്ന്‌ 7300 ഡോളറായി വില ഉയര്‍ത്തി.
ശ്രീലങ്ക 5700, ബ്രസീല്‍ 4300 ഡോളറില്‍ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വിയറ്റ്‌നാം 4400 ല്‍ നിന്ന്‌ 4200, ഇന്‍ഡോനേഷ്യ 4500 ല്‍ നിന്ന്‌ 4400 ഡോളറായി വില കുറച്ചു. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ശ്രീലങ്കന്‍ മുളകിന്‌ ആവശ്യക്കാര്‍ കൂടിയതോടെ ഇറക്കുമതിചെയ്‌ത ശ്രീലങ്കന്‍ മുളക്‌ ഉത്തരേന്ത്യയിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വലിയ തോതിലാണ്‌ വിറ്റ്‌ വരുന്നത്‌. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക്‌ ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ്‌ കയറ്റുമതിക്കാര്‍.
ഇറക്കുമതിചെയ്യുന്ന കുരുമുളക്‌ കിലോയ്‌ക്ക്‌ 500 രൂപ മിനിമം നികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഇറക്കുമതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. നികുതി ഒഴിവാക്കാന്‍ സാഹചര്യമുണ്ടായാല്‍ കുരുമുളക്‌ വില കുത്തനെ കുറയുമെന്നാണ്‌ കയറ്റുമതിക്കാര്‍. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 51,800, ഗാര്‍ബിള്‍ഡ്‌ മുളക്‌ 53,800 രൂപ.

മാറ്റമില്ലാതെ വെളിച്ചെണ്ണ

വെളിച്ചെണ്ണ, കൊപ്ര വിലയില്‍ മാറ്റമില്ല. മറ്റു ഭക്ഷ്യ എണ്ണകള്‍ക്ക്‌ വില കുറഞ്ഞിരിക്കെ വെളിച്ചെണ്ണ വില വീണ്ടും ഇടിയും എന്ന സൂചനയാണ്‌ മൊത്ത വ്യാപാരികള്‍ പറയുന്നത്‌. പാമോയില്‍ ക്വിന്റലിന്‌ 520 രൂപയാണ്‌ കഴിഞ്ഞ വാരം വിലകുറഞ്ഞത്‌. കപ്പലണ്ടി എണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയ ഭക്ഷ്യ എണ്ണകള്‍ക്ക്‌ വില ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്‌. വാരാന്ത്യവില വെളിച്ചെണ്ണ മില്ലിംഗ്‌ ക്വിന്റലിന്‌ 16,500, തയ്യാര്‍ 15,900, കൊപ്ര തെളിവ്‌ 10,000, ഓടെ 9800, പാമോയില്‍ 11,450 രൂപ. കൊച്ചിയില്‍ കഴിഞ്ഞവാരം 350 ക്വിന്റല്‍ വെളിച്ചെണ്ണയുടെ വ്യാപാരം നടന്നു.

കടുപ്പം കൂട്ടി തേയില

തേയിലയ്‌ക്ക്‌ നല്ല കടുപ്പം. വില കൂടി. വലിയതോതില്‍ ഉപയോഗിക്കുന്ന സി ടി സി പൊടി തേയില കിലോയ്‌ക്ക്‌ അഞ്ച്‌ മുതല്‍ പത്ത്‌ രൂപ വരെയും, കയറ്റുമതി ഇനത്തില്‍പ്പെട്ട സിടിസി ഇല തേയില കിലോയ്‌ക്ക്‌ അഞ്ച്‌ രൂപയും വില ഉയര്‍ത്തിയാണ്‌ ലേലത്തില്‍ പങ്കെടുത്തവര്‍ വാങ്ങിയത്‌. വിശേഷ ദിവസത്തെ തുടര്‍ന്ന്‌ ഈ ആഴ്‌ചയില്‍ കൊച്ചിയില്‍ തേയില ലേലം ഉണ്ടാവുകയില്ല. ഇല തേയില 2,15,000 കിലോയും, പൊടി തേയില 8,58,500 കിലോയും ലേലത്തില്‍ വില്‍പ്പനയ്‌ക്കെത്തി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധന

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലി ഗ്രാം) മൂന്ന്‌ ഡോളര്‍ വില കൂടി.
ആഭ്യന്തരവിപണിയില്‍ പവന്‌ 280 രൂപ വിലയിടിഞ്ഞു. വില്‍പ്പന തോത്‌ കുറഞ്ഞ്‌ തുടങ്ങിയതോടെയാണ്‌ ആഭ്യന്തര വിലകുറച്ചത്‌. ലണ്ടനില്‍ സ്വര്‍ണ്ണം ഔണ്‍സിന്‌ 1798 ഡോളറില്‍നിന്ന്‌ 1801 ഡോളറായി വിലകൂടി.
അഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന്‌ 36,560 ല്‍ നിന്ന്‌ 36,280 രൂപയായി വിലകുറഞ്ഞു. രൂപയ്‌ക്ക്‌ 65 പൈസ നേട്ടം. വിനിമയ നിരക്കില്‍ രൂപ. 76.4 ല്‍ നിന്ന്‌ 75. 39 പൈസയായി മെച്ചപ്പെട്ടു.

Facebook Comments Box

By admin

Related Post