Thu. Mar 28th, 2024

ഒമൈക്രോണിന് അഞ്ചിരട്ടി വരെ വ്യാപനശേഷി; അടുത്ത മാസം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

By admin Dec 28, 2021 #news
Keralanewz.com

തിരുവനന്തപുരം: ജനുവരി മാസത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കോവിഡ് അവലോകനസമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഒമൈക്രോണ്‍ വകഭേദത്തിനു മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷി ഉള്ളതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി.  

ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഓക്‌സിജന്‍ ഉല്‍പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്‌സിജന്‍ ഉല്‍പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൂന്നാം തരംഗം ഉണ്ടായാല്‍ വേണ്ടി വരുന്ന മരുന്നുകള്‍, കിടക്കകള്‍, സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കും.

ഒമൈക്രോണ്‍ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കൂടുതല്‍ ജനിതക ശ്രേണീകരണം നടത്താനും കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 98% ആളുകള്‍ ആദ്യ ഡോസും 77% രണ്ടു ഡോസും വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ആയുര്‍വേദ / ഹോമിയോ മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post