Thu. Apr 25th, 2024

അപ്പക്കഷണം വീതം വെച്ചപ്പോള്‍ കിട്ടാതെ വന്നവര്‍ക്ക് വിട്ട് പോകാം; കേരള കോണ്‍ഗ്രസ് ബി പിളരില്ല: കെ ബി ഗണേഷ് കുമാര്‍

By admin Dec 30, 2021 #news
Keralanewz.com

ത്തനാപുരം: കേരള കോണ്‍ഗ്രസ് ബിയെ പിളര്‍ത്താന്‍ ആരും ശ്രമിക്കേണ്ടെന്ന് പാര്‍ട്ടി നേതാവ് കെബി ഗണേഷ് കുമാര്‍ എംഎല്‍എ.

പാര്‍ട്ടിക്ക് പുതിയതായി ശാഖയും ഓഫീസും ആരും തുറന്നിട്ടില്ലെന്നും അപ്പക്കഷണം വീതം വെച്ചപ്പോള്‍ കിട്ടാതെ വന്നവര്‍ക്ക് വിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്ന ഒരു വിഭാഗം കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ പാര്‍ട്ടി ചെയര്‍മാനായി ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ ദാസിനെ തിരഞ്ഞെടുത്തിരുന്നു.വിമത വിഭാഗത്തിന്റെ ഈ നടപടിയോടാണ് ഗണേഷിന്റെ പരോക്ഷ സൂചന.

അതേസമയം പാര്‍ട്ടിയുടെ വിമതവിഭാഗത്തിന്റെ

അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഉഷ മോഹന്‍ദാസ് ഇതിനെതിരെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.ഉഷ മോഹന്‍ദാസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ്. വിഘടിച്ചു നില്‍ക്കുന്നതുകൊണ്ട് പലപ്പോഴും യഥാര്‍ത്ഥ സ്വാധീനം പ്രകടമല്ലെങ്കില്‍ പോലും വളരെ ശക്തിയോടെ പ്രവര്‍ത്തിക്കാനും ജനമനസ്സുകളില്‍ ഇടം പിടിക്കാനുമുള്ള ശേഷി ഉണ്ടെന്ന് കേരള കോണ്‍ഗ്രസ് തെളിയിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് (ബി) യെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു കാലഘട്ടമാണിത്‌. പാര്‍ട്ടിയുടെ സ്ഥാപക ചെയര്‍മാന്‍ ശ്രീ ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ മെയ് മാസം മൂന്നാം തീയതി നമ്മളെ വിട്ടു പിരിഞ്ഞ ശേഷം വല്ലാത്ത ഒരു പ്രതിസന്ധി പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നു. സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ട് ഏതാണ്ട് ഒരു അനിശ്ചിതാവസ്ഥ ഉണ്ടാവുകയും ആ അനിശ്ചിതാവസ്ഥ മുതലെടുത്ത് സ്വയം ചെയര്‍മാനായി അവരോധിച്ച വ്യക്തി ഏകപക്ഷീയമായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു.പാര്‍ട്ടി നേതാക്കളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന രീതി പ്രവര്‍ത്തകരെ ഒക്കെ നിരാശയിലും ആശയക്കുഴപ്പത്തിലും എത്തിക്കുന്ന സാഹചര്യം ഉണ്ടായി

പാര്‍ട്ടിയില്‍നിന്ന് മുതിര്‍ന്നവരെപ്പോലും ഒരു കാരണവുമില്ലാതെ പുറത്താക്കുകയും അല്ലെങ്കില്‍ അപമാനിച്ചു രാജിവയ്പ്പിക്കുകയും ഒക്കെ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നിരവധി തവണ ഉണ്ടായി.

ഈ സാഹചര്യങ്ങളിലാണ് കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി എറണാകുളത്തു ചേര്‍ന്നു അധ്യക്ഷയായി എന്നെ തെരഞ്ഞെടുത്തത്. വളരെ വലിയ ഒരു ഉത്തരവാദിത്വമാണ് എന്നെഏല്‍പ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും പ്രവര്‍ത്തിക്കാനുള്ള തീവ്രമായ പരിശ്രമവും അതിനുള്ള അര്‍പ്പണബോധവും എപ്പോഴും ഉണ്ടാകും.

വര്‍ഷങ്ങളായി പാര്‍ട്ടി അംഗത്വം ഉള്ള ഒരു വ്യക്തിയാണ് ഞാന്‍. 2017-ല്‍ പാര്‍ട്ടി ചെയര്‍മാന്‍ ഒപ്പിട്ട

അംഗത്വ കാര്‍ഡ് ഞാനിപ്പോഴും വിലയേറിയ ഒരു നിധിയായി സൂക്ഷിച്ചിട്ടുണ്ട്, സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനുള്ള സാഹചര്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയാം.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ശ്രീ ഗണേഷ് കുമാറിന്റെ പ്രതിഷേധം മൂലം ഒഴിവാകുകയായിരുന്നു. ഞാന്‍ രംഗത്തുവന്നാല്‍ തനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന ബോധ്യം കൊണ്ടാണ് ഗണേഷ് കുമാര്‍ എതിര്‍ത്തത്. അച്ഛനും സഹോദരനും സജീവരാഷ്ട്രീയത്തില്‍ നില്‍ക്കെ ഞാന്‍ കൂടി വേണ്ട എന്ന് തീരുമാനത്തിലാണ് ഞാനും പിന്‍വാങ്ങിയത്. ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ

ആകാംക്ഷകളും ഭാവിയെപ്പറ്റിയുള്ള ആശങ്കകളും എല്ലാം കണ്ടപ്പോള്‍ തീര്‍ച്ചയായും രംഗത്തിറങ്ങി എന്റെ അച്ഛന്‍ നിലകൊണ്ട ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അച്ഛനോടൊപ്പം പ്രവര്‍ത്തിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യണം എന്നതുകൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ഞാന്‍ മുന്നോട്ടു വന്നത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ലക്‌ഷ്യം . ഒരു തരത്തിലുമുള്ള അധികാരമോഹം ഇല്ല എന്ന് ആദ്യമേ തന്നെ വ്യക്തമാക്കട്ടെ. പാര്‍ട്ടിക്ക് ലഭിക്കുന്ന സ്ഥാനങ്ങള്‍ അര്‍ഹതയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ ആയിരിക്കും. പാര്‍ട്ടി പിളരാന്‍ പാടില്ല. എല്ലാവരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാകണം. തീരുമാനങ്ങള്‍ ഒരു ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ച രീതിയില്‍ വേണം എടുക്കേണ്ടത്. ഏകപക്ഷീയമായ നടപടികള്‍ ഉണ്ടാകരുത്. അഴിമതിയും സ്വജനപക്ഷപാതവും ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. മുന്നോട്ടുള്ള യാത്രയില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കി കൊണ്ട് അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനോപകാരപ്രദമായ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം

Facebook Comments Box

By admin

Related Post