National News

അഫ്ഗാനിസ്താനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു

Keralanewz.com

അഫ്ഗാനിസ്താനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിർദേശിച്ചത്. സർക്കാർ തീരുമാനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യൻ ഫ്രാൻസിസ് നൽകിയ ഹർജിയിലാണ് കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത്. ആയിഷയെയും മകളെയും പാർപ്പിച്ചിരുന്ന പുലെ ചർക്കി ജയിൽ താലിബാൻ തകർത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് മാരാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലുള്ള മേഖലയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

മറ്റൊരു രാജ്യത്ത് നിന്ന് പൗരമാരെ തിരിച്ചു കൊണ്ടുവരണമെന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതിക്ക് പ്രത്യേക നിർദേശം നൽകാൻ കഴിയില്ലെന്നും ബെഞ്ച് അറിയിച്ചു. നിലവിൽ അഫ്ഗാനിസ്താൻ ഭരിക്കുന്ന താലിബാൻ സർക്കാരും, ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണെന്നാണ് മാധ്യമ വാർത്തകളിൽനിന്ന് മനസിലാകുന്നതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. പിതാവിന്റെ ഹർജി കോടതി തീർപ്പാക്കി.

ഭീകരസംഘടനയായ ഐ.എസിൽ ചേർന്ന ആയിഷയുടെ ഭർത്താവ് 2019-ൽ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യു.എ.പി.എ. നിയമപ്രകാരം ആയിഷയ്ക്കെതിരെ എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എത്തിച്ച ശേഷം ഈ കേസിൽ വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പിതാവ് ആവശ്യപ്പെട്ടിരുന്നത്

Facebook Comments Box