പാലാ: ഗവ: ജനറൽ ആശുപത്രി നേത്രചികിത്സാ വിഭാഗത്തിലെ ഡോക്ടർ കഴിഞ്ഞ മാസം വിരമിച്ചതിനെ തുടർന്ന് കണ്ണ് ചികിത്സാ വിഭാഗം സേവനം ആശുപത്രിയിൽ നിലച്ചിരിക്കുകയാണ്. ഏതാനും നാൾ മുൻപ് കാർഡിയോളജി വിഭാഗം ഡോക്ടറെ സ്ഥലം മാറ്റിയതോടെ കാർഡിയോളജി വിഭാഗവും ഇല്ലാതായിരുന്നു.നേത്ര വിഭാഗം ഡോക്ടർ വിരമിക്കുകയാണെന്ന് അറിയാമായിരുന്നിട്ടും ആരോഗ്യ വകുപ്പ് ചികിത്സാ തടസ്സം ഉണ്ടാകാതിരിക്കുവാൻ പകരം നടപടി എടുത്തിരുന്നില്ല ഇതാണ് ചികി ത്സാ വിഭാഗം പൂർണ്ണമായും നിലയ്ക്കുവാൻ കാരണം.ഇവിടെ ഈ വിഭാഗത്തിൽ അനുവദിച്ചിരുന്ന തസ്തികയിലെ ഡോക്ടറെ വർക്കിംഗ് അറേജ്മെൻ്റിൽ മറ്റൊരു ആശുപത്രിയിൽ നിയമിച്ചിരിക്കുകയാണ്. സ്കിൻ, സൈക്യാട്രി വിഭാഗങ്ങൾ നേരത്തെ ഇല്ലാതായിരുന്നു.
നേത്രചികിത്സാ വിഭാഗത്തിൽ ഉണ്ടായ ഒഴിവ് ഉടൻ നികത്തണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ഡോക്ടറെ തിരികെ നിയമിച്ച് കണ്ണ് ചികിത്സാ വിഭാഗം പുനരാരംഭിക്കുവാൻ നടപടി ആവശ്യപ്പെട്ട് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.തുടർച്ചയായി ചികിത്സാ വിഭാഗങ്ങളിൽ നിന്നും പകരം ക്രമീകരണം ഏർപ്പെടുത്താതെ ഡോക്ടർമാരെ മാറ്റുന്ന നടപടിയിൽ പ്രതിഷേധം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ഇല്ലാതായ എല്ലാ ചികിത്സാ വിഭാഗങ്ങളും പുനരാരംഭിക്കുവാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു